മോഷ്ടിച്ചെന്ന പേരിൽ പരസ്യ വിചാരണ; പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

Crime Keralam News

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും പരസ്യമായി വിചാരണ നടത്തിയ വിഷയത്തിൽ ആറ്റിങ്ങലിലെ പിങ്ക് പോലീസ് ഉദ്യോ​ഗസ്ഥയ്ക്ക് സ്ഥലമാറ്റം. സിവിൽ പൊലീസ് ഓഫിസറായിരുന്ന രജിതയെയാണ് റൂറൽഎസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തെ പറ്റി അന്വേഷിച്ച ശേഷം ആറ്റിങ്ങൾ ഡിവൈ എസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് സമ്മർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. പിങ്ക് പോലീസിന്റെ കാറിനുള്ളിലുണ്ടായിരുന്ന മൊബൈൽ ഫോൺ തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രൻ മോഷ്ടിച്ചെന്നും, ശേഷം മകൾക്ക് കൊടുത്തെന്നുമായിരുന്നു രജിത ആരോപിച്ചിരുന്നത്. ഇതിന്റെ പേരിൽ ഇവരെ പരസ്യമായി വിചാരണ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കുട്ടിയേയും കൂടി മോഷ്ടിക്കുന്നത് ഇവന്റെയൊക്കെ സ്ഥിരം പരിപാടിയാണെന്നും രണ്ടു പേരെയും സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി ദേഹപരിശോധന നടത്തുമെന്നും ഇവർ പറഞ്ഞിരുന്നു.

പക്ഷെ കാറിലുണ്ടായിരുന്ന രജിതയുടെ ബാഗിൽ നിന്നും വേറൊരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മൊബൈൽ ഫോൺ ലഭിച്ചു. ഇതിനു ശേഷവും മകളോടും അച്ഛനോടും രജിത വളരെ മോശമായി തന്നെയാണ് പെരുമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരാൾ മൊബൈലിൽ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം എല്ലാവരും അറിയുന്നത്. ബാലാവകാശ കമ്മീഷനും വിഷയത്തിൽ കേസെടുത്തിട്ടുണ്ട്.