സംസ്ഥാനത്ത് ക്രമസമാധാനം ശക്തം,ഇ-ഗവേണന്‍സ് നേട്ടം: മുഖ്യമന്ത്രി

Keralam News

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമാണ് സംസ്ഥാനത്തുള്ളതെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി  വിജയന്‍ പറഞ്ഞു. തീവ്രമായ ദാരിദ്ര്യം തുടച്ചുനീക്കാന്‍ പദ്ധതിയുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവളം  ലീലാ ഹോട്ടലില്‍ ഇന്ത്യാ ടുഡേ  കോണ്‍ക്ലേവ് സൗത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡിന് ശേഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സംസ്ഥാനം ആവിഷ്‌ക്കരിച്ചു.
2019ല്‍ വിനോദസഞ്ചാര മേഖല മൊത്തം 45,000 കോടി രൂപ സമാഹരിച്ചു. വിനോദസഞ്ചാരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അന്താരാഷ്ട്ര ടൂറിസം സര്‍ക്യൂട്ടില്‍ ഇടംനേടിയത് കേരളത്തിന്റെ അഭിമാനകരമായ നേട്ടമാണ്. ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ടൈംസില്‍ നമ്മള്‍ ഇടം നേടിയിട്ടുണ്ട്. കോവിഡിന് മുമ്പ്, കേരളത്തില്‍ ആഭ്യന്തര, അന്തര്‍ദേശീയ സന്ദര്‍ശകരുടെ റെക്കോര്‍ഡ് എണ്ണമുണ്ടായിരുന്നു. കാരവന്‍ ടൂറിസം, പൈതൃക ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ടൂറിസം തുടങ്ങിയ നൂതന ആശയങ്ങള്‍ ഈ മേഖലയ്ക്കു മുതല്‍ക്കൂട്ടായി. വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കൊവിഡ് പൂര്‍വഘട്ടത്തിലാണ്. വൈകാതെ അതിനെ മറികടക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആദ്യ ഇ-ഗവേണഡ് സംസ്ഥാനമായി കേരളം മാറിയത് ചരിത്രത്തിലെ നാഴികക്കല്ലാണ്. സുതാര്യത, കാര്യക്ഷമത, ഉള്‍ക്കൊള്ളല്‍ തുടങ്ങിയവ ഇ-ഗവേണന്‍സിലൂടെ വര്‍ധിക്കുന്നു. വ്യത്യസ്ത പൊതുസേവനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത ഇടപഴകലാണ്  സാങ്കേതികവിദ്യ വഴി നമ്മള്‍ ഉറപ്പുവരുത്തുന്നത്. 900ലധികം സര്‍ക്കാര്‍ സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ 2000 സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് പൗരന്റെ അവകാശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വീടുകളിലേക്കും സര്‍ക്കാര്‍ ഓഫിസുകളിലേക്കും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കുന്ന ഫൈബര്‍ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് ഒരുക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.