താനൂർ ബോട്ടപകടം: മരണപ്പെട്ടവരുടെ വീടുകളിൽ സമസ്ത നേതാക്കൾ സന്ദർശനം നടത്തി.

Keralam News

പരപ്പനങ്ങാടി: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകൾ സമസ്ത നേതാക്കൾ സന്ദർശിച്ചു. പരപ്പനങ്ങാടി പുത്തൻകടപ്പുറം, ചുടലപ്പറമ്പ്, ചെട്ടിപ്പടി, താനൂർ ഓലപ്പീടിക തുടങ്ങിയ പ്രദേശങ്ങളിലെ മരണ വീടുകളിലാണ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ, മുശാവറ അംഗം ആദൃശേരി ഹംസക്കുട്ടി മുസ്ലിയാർ, സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്റർ എന്നിവർ സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. രാവിലെ 10.30 ഓടെ പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ 11 പേരെ മറവ് ചെയ്ത അരയൻകടപ്പുറം ഖബർസ്ഥാനിൽ പ്രാർത്ഥന നടത്തിയ ശേഷം വീട്ടിലെത്തിയും പ്രാർത്ഥന നടത്തി. ശേഷം താനൂർ ഓലപ്പീടികയിൽ മൂന്ന് പേർ മരിച്ച വീട്ടിലും, പരപ്പനങ്ങാടി ചുടലപ്പറമ്പിൽ മരണപ്പെട്ട പൊലിസ് ഉദ്യോഗസ്ഥൻ സബറുദ്ധീന്റെ വസതിയിലും സന്ദർശനം നടത്തി. പിന്നീട് ചെട്ടിപ്പടി വെട്ടിക്കുത്തി വീട്ടിലെ നാല് പേരെ ഖബറടക്കിയ ആനപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിലും പ്രാർത്ഥന നടത്തിയാണ് നേതാക്കൾ മടങ്ങിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി സാമ്പത്തിക സഹായവും നേതാക്കൾ നൽകി. എസ്.വൈ.എസ് വെസ്റ്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സി.എച്ച് ത്വയ്യിബ് ഫൈസി, മൂസ ഹാജി കാടാമ്പുഴ, എൻ കുഞ്ഞിപ്പോക്കർ, ജില്ലാ പഞ്ചായത്ത് മെംബർ എ.പി ഉണ്ണികൃഷ്ണൻ, എസ്.കെ.എസ് എസ്.എഫ് വെസ്റ്റ് ജില്ല ട്രഷറർ നൗഷാദ് ചെട്ടിപ്പടി, സയ്യിദ് കെ.എൻ.സി തങ്ങൾ താനാളൂർ, സയ്യിദ് യഹ്‌യക്കോയ തങ്ങൾ ജമലുല്ലൈലി, അരയൻകടപ്പുറം മഹല്ല് ഖത്വീബ് ഇഖ്ബാൽ ഫൈസി കോൽമണ്ണ, വി.പി കോയഹാജി, സിദ്ധീഖ് ഹാജി ചെറുമുക്ക് പങ്കെടുത്തു.