ഓപ്പറേഷന്‍ യെല്ലോ :സംസ്ഥാനത്ത് പൊതുവിതരണ വകുപ്പ്പിഴയിട്ടത് 2.78 കോടി രൂപ

Keralam News

മഞ്ചേരി : അനര്‍ഹമായി മുഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊതു വിതരണ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ യെല്ലോ പദ്ധതിയിലൂടെ നിരവധി പേര്‍ കുടുങ്ങി. സംസ്ഥാനത്ത് 2.78 കോടി രൂപയാണ് ഈയിനത്തില്‍ വകുപ്പ് പിഴയായി ഈടാക്കിയത്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഓരോ ഇനം കാര്‍ഡുകളുടെയും അവകാശികളെ പ്രത്യേകം നിര്‍വ്വചിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ ബി പി എല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ചാ പരിമിതര്‍, നിരാലംബരായ വിധവകള്‍ എന്നിവരാണ് ബി പി എല്‍ കാര്‍ഡിന് അര്‍ഹരായിട്ടുള്ളവര്‍. മേല്‍ വിഭാഗത്തില്‍പ്പെട്ടവരും ആദിവാസികളും ആശ്രയ പദ്ധതിയിലുള്‍പ്പെട്ടവരുമാണ് എ എ വൈ വിഭാഗത്തില്‍പ്പെടുന്നത്. അതേസമയം 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ഒരേക്കറിലധികം ഭൂമി കൈവശമുള്ളവര്‍, 25,000 രൂപയിലധികം മാസ വരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹരല്ല. നാലു ചക്ര വാഹനം സ്വന്തമായുള്ളവര്‍ക്കും മുന്‍ഗണനാ വിഭാഗത്തിന് അര്‍ഹതയില്ല. എന്നാല്‍ സ്വന്തമായുള്ളത് ഉപജീവന മാര്‍ഗ്ഗമായ ടാക്സി വാഹനമാണെങ്കില്‍ ഇവര്‍ അനര്‍ഹരെന്ന് കണക്കാക്കില്ല. ഈ മാനദണ്ഡമനുസരിക്കാതെ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാണ്. 2021 ജൂലൈ മാസത്തില്‍ അനധികൃത കാര്‍ഡുകള്‍ അതാത് സപ്ലൈ ഓഫീസുകളില്‍ സറണ്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈ അവസരം ഉപയോഗിക്കാതെ ഇപ്പോള്‍ കാര്‍ഡ് സറണ്ടര്‍ ചെയ്താലും പിഴ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
ഏറനാട് താലൂക്കില്‍ മാത്രം കഴിഞ്ഞ നാലു മാസത്തിനിടെ ഇത്തരക്കാരെ പിടികൂടി പിഴ ചുമത്തിയത് 13,35,193 രൂപ. 251 ബിപിഎല്‍ കാര്‍ഡുകള്‍, 41 എഎവൈ കാര്‍ഡുകള്‍, 168 എന്‍ പി എസ് കാര്‍ഡുകള്‍ എന്നിവയാണ് പിടികൂടിയത്. താലൂക്ക് സപ്ലൈ ഓഫീസറും ആര്‍ ഐമാരും വീടുകളിലും മറ്റും നടത്തുന്ന റെയ്ഡുകളിലൂടെയാണ് അനര്‍ഹരെ കണ്ടെത്തുന്നത്. ചുമത്തിയ പിഴയില്‍ 6,45,305 രൂപ ഇതിനകം കാര്‍ഡുടമകള്‍ അടച്ചു കഴിഞ്ഞു. ബാക്കിയുള്ളവരില്‍ നിന്നും പിഴ സംഖ്യ ഈടാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പൊതുവിതരണ വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പരും ടോള്‍ഫ്രീ നമ്പരും സജ്ജീകരിച്ചിട്ടുണ്ട്. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള കാര്‍ഡ് ഉടമകളെ സംബന്ധിച്ച വിവരങ്ങള്‍ 9188527301 എന്ന മൊബൈല്‍ നമ്പരിലോ 1967 എന്ന ടോള്‍ഫ്രീ നമ്പരിലോ നല്‍കാവുന്നതാണ്. ഇത്തരത്തില്‍ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കാം. വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോണ്‍ നമ്പരുകള്‍ : മഞ്ചേരി : 0483 2766230, പെരിന്തല്‍മണ്ണ : 04933 227238, നിലമ്പൂര്‍ : 04931 220507, കൊണ്ടോട്ടി : 0483 2713230, തിരൂര്‍ : 0494 2422083, തിരൂരങ്ങാടി : 0494 2462917, പൊന്നാനി : 0494 2666019.