ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് രണ്ടാം സ്ഥാനം

Food & Travel Keralam News

തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പദ്ധതിയിൽ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനം നേടി കേരളം. പുരസ്കാരമായി ട്രോഫിയും പ്രശസ്തി ഫലകവുമാണ് ലഭിക്കുക. പദ്ധതിയുടെ നടത്തിപ്പിൽ ഓരോ സംസ്ഥാനങ്ങളുടെയും പ്രകടനം അഞ്ച് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു വിലയിരുത്തിയിരുന്നത്. ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, കുറ്റക്കാര്‍ക്കെതിരെ നടപടി, ലൈസന്‍സും രജിസ്‌ട്രേഷനും, ബോധവത്ക്കരണം, മൊബൈല്‍ ലാബുകള്‍ തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളിലും കേരളം മുൻതൂക്കമുണ്ടായിരുന്നു.

കേരളം നടപ്പിലാക്കുന്ന മികവുറ്റ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി മാത്രം അനവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മൂന്ന് എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബുകളും മൊബൈല്‍ പരിശോധനാ ലാബുകളും കേരളത്തിനുണ്ട്. ഇതിനോടൊപ്പം ഗ്രാമ പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ ഭക്ഷ്യ സുരക്ഷ ഗ്രാമപഞ്ചായത്തുകളും സംഘടിപ്പിക്കുന്നതായി മന്ത്രി അറിയിച്ചു.