പിന്നിൽ നിന്നും കുത്തേറ്റ് മരിക്കണ്ട; 43 വർഷത്തെ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ച് കെ പി അനിൽകുമാർ

Keralam News Politics

തിരുവനന്തപുരം:കോൺഗ്രസ് പാർട്ടിയിൽ നിന്നും കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ രാജി വെച്ചു. വിശദീകരണം നൽകിയിട്ടും സസ്പെൻഷൻ നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി വെച്ചിരിക്കുന്നത്. പിന്നിൽ നിന്നും കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിക്കെതിരെയും കെ. സുധാകരനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനായി അഞ്ചു വർഷം പ്രവർത്തിച്ച തനിക്ക് ഒരു പദവിയും നൽകിയില്ലെന്നും തന്റെ വിയർപ്പും രക്തവും നൽകി പ്രവർത്തിച്ച കോൺഗ്രസ്സ് വിടുന്നുവെന്നും അദ്ദേഹം രാജി വെച്ചതിനു ശേഷം പറഞ്ഞു. 43 കൊല്ലാതെ കോൺഗ്രസ് പ്രവർത്തനമാണ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്. കെ. സുധാകരനും സോണിയ ഗാന്ധിക്കുമാണ് രാജി നൽകിയിരിക്കുന്നത്.

ഡി സി സി പുതിയ അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചതിനു ശേഷം ചാനൽ ചർച്ചയിലൂടെ നേതാക്കൾക്കെതിരെ കെ പി അനിൽകുമാർ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പുതിയ അധ്യക്ഷന്മാരായ പതിനാലു പേരും ഗ്രൂപ്പുകാരാണെന്നും ഈ കാര്യം പരിശോധിച്ചിട്ടില്ലെങ്കിൽ സംസ്ഥാനത്തെ കോൺഗ്രസ്സ്സിന്റെ ഭാവി അനിശ്ചിതത്തിലാവും. മാനദണ്ഡമോ ആത്മാർത്ഥതയോ ഇല്ലാതെ ഇഷ്ടമുള്ളവർ അവർക്ക് ഇഷ്ടമുള്ളവരെ അധ്യക്ഷന്മാരാക്കി എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനു ശേഷമാണ് അനിലിന് കെ പി സി സി നേതൃത്വം കാരണം കാണിക്കൽ നോട്ടീസും സസ്പെന്ഷനും വിധിച്ചത്. എന്നാൽ അനിൽ നേതൃത്വത്തിന് മറുപടി നൽകിയിട്ടും സസ്പെൻഷൻ പാർട്ടി പിൻവലിച്ചിരുന്നില്ല.