ചലച്ചിത്ര താരം റിസബാവ അന്തരിച്ചു

Keralam News

അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന റിസബാവ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പ്രൊഡക്ഷൻ കണ്ട്രോളറായ ബാദുഷയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്.

നാടകങ്ങളിൽ നിന്നും സിനിമാലോകത്തേക്ക് വന്നയാളാണ് റിസബാവ. 1990ൽ ഇറങ്ങിയ ഡോക്ടർ പശുപതി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രമായിരുന്നു വഴിത്തിരിവായ വേഷം. മമ്മൂട്ടി നായകനായ വൺ എന്ന ചലച്ചിത്രമാണ് റിസബാവ അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സിനിമകളോടൊപ്പം ഒട്ടനവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കർമയോഗി എന്ന സിനിമയിൽ തലൈവാസൽ വിജയുടെ കഥാപാത്രത്തിന് ഡബ് ചെയ്തതിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.