കേരള പോലീസിനെതിരെ കടുത്ത വിമർശനങ്ങളുമായി ആനി രാജ

Keralam News Politics

ന്യൂഡല്‍ഹി: കേരള പൊലീസിനുള്ളിൽ ആര്‍ എസ് എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയം ഉന്നയിച്ച് സി പി ഐ ദേശീയ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. ഇത് കൂടാതെ കടുത്ത വിമർശനങ്ങളാണ് കേരള പൊലീസിനെതിരായി ആനി രാജ ഉന്നയിച്ചിരിക്കുന്നത്. ഗാർഹിക പീഡനത്തിനെതിരായുള്ള നിയമങ്ങൾ കേരളത്തിൽ ശരിയായ രീതിയിൽ നടപ്പിലാക്കുന്നില്ലെന്നും സ്ത്രീ സുരക്ഷാ മുൻനിർത്തിയുള്ള സർക്കാരിന്റെ നയത്തിന് എതിരായി മനപൂർവം പോലീസ് പ്രവർത്തിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു.

സാമൂഹിക വിരുദ്ധരെ ഭയന്ന് അമ്മയ്ക്കും രണ്ട് മക്കൾക്കും ട്രെയിനിൽ അഭയം തേടേണ്ടി വന്ന സംഭവം ഉണ്ടായത് കേരളത്തിലാണ്. പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കാതെ വന്നതോടെയാണ് അവർക്ക് ആ അവസ്ഥയുണ്ടായത്. ഇത്തരമൊരു സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പും ഇതിനു മാത്രമായൊരു മന്ത്രിയും കേരളത്തിൽ ആവശ്യമാണ്. നിലവിൽ മറ്റൊരു വകുപ്പുമായി ചേർന്നാണ് സ്ത്രീസുരക്ഷാ വകുപ്പുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീകൾക്കായി ഒരു സ്വതന്ത്ര വകുപ്പ് ആരംഭിക്കണം. ഈ കാര്യം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും കത്തയക്കുമെന്നും ആനി രാജ അറിയിച്ചിട്ടുണ്ട്.

കണ്ണൂരിൽ ഇന്നലെ സനീഷയെന്ന യുവതി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം സഹിക്കാനാവാതെയാണ്. പോലീസ് ഗൗരവമായി ഈ വിഷയത്തിൽ ഇടപെട്ടിരുന്നുവെങ്കില്‍ ഈ മരണം ഇല്ലാതാക്കാമായിരുന്നു. ശരിക്കും ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച്‌ പൊലീസിന് ഒരു ബോധവത്കരണം കൊടുക്കണമെന്നും ആമി രാജ പറഞ്ഞു. ഫോൺ മോഷ്ടിച്ചെന്ന പേരിൽ അച്ഛനെയും മകളെയും പരസ്യ വിചാരണ നടത്തിയ സംഭവവും എല്ലാവരും ചാനലുകളിൽ കണ്ടിട്ടുണ്ട്. ഇത് വളരെയധികം മോശമായി പോയെന്നും അവർ കുറ്റപ്പെടുത്തി.