സര്‍ക്കാര്‍ – വന ഭൂമികളിലെ മരം കടത്തും ഗൗരവമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി

Crime Keralam News

കൊച്ചി: പട്ടയ ഭൂമിയിലുണ്ടായിരുന്ന മരം മുറിച്ചത് മാത്രം അന്വേഷിച്ചാൽ പോരെന്ന് നിർദേശിച്ച് കേസിൽ കടുത്ത നിലപാടെടുത്ത് ഹൈക്കോടതി. പട്ടയ ഭൂമിയോടൊപ്പം സര്‍ക്കാര്‍ – വന ഭൂമികളിലെ മരങ്ങൾ മുറിച്ചു കടത്തിയതും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തോട് കോടതി നിർദേശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ മരം മുറിച്ച് കടത്തുവാൻ കഴിയില്ലെന്നും ഹൈക്കോടതി വിശദമാക്കി.

മരം കടത്തുന്നതിൽ ഉന്നതർക്കും പങ്കുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും കോടതി ആവശ്യപ്പെട്ടു. മരം മുറിച്ച് കടത്തിയ കേസുമായി സംബന്ധമുള്ള മുഴുവൻ വിഷയങ്ങളും പ്രത്യേകസംഘം കൃത്യമായി അന്വേഷിക്കണമെന്നും ഇതിനു വേണ്ട സഹായങ്ങൾ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മരം കടത്ത് വളരെ ഗൗരവമേറിയ കുറ്റകൃത്യമാണെന്നും യാതൊരു വിട്ടുവീഴ്ചയും ഇതിൽ കെട്ടരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മരം കടത്തു കേസുകളിൽ സിബിഐ അന്വേഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.