കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഓക്സിജൻ ക്ഷാമം; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

News

ഓക്സിജൻ ക്ഷാമം നേരിട്ട് കൊണ്ടിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കഞ്ചിക്കോട് നിന്നും അത്യാവശ്യത്തിനുള്ള ഓക്സിജൻ എത്തിച്ച് താത്കാലികമായ പരിഹാരം കണ്ടെത്തി. എന്നാൽ ഇത് നാളെ രാവിലെ വരെ ഉപയോഗിക്കാനുള്ളതേ ഉള്ളൂവെന്നാണ് ആശുപത്രിയിലെ അധികൃതർ പറയുന്നത്. ഓക്സിജൻ ക്ഷാമം കാരണം നടത്താനിരുന്ന അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ള എല്ലാ ശസ്ത്രക്രിയകളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

മെഡിക്കൽ കോളേജിലേക്ക് ഓക്സിജന്റെ വിതരണം മുടങ്ങിയതോടെ ചൊവ്വാഴ്ച രാത്രി മുതൽ ക്ഷാമം രൂക്ഷമാവുന്നത്. സാധാരണ വിതരണം ചെയ്യുന്ന കമ്പിനിയിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഓക്സിജൻ എത്തിക്കാൻ കഴിയാതിരുന്നതെന്നാണ് തടസത്തിനു കാരണമായി നൽകുന്ന വിശദീകരണം. ഇപ്പോൾ തന്നെ നടത്തേണ്ടിയിരുന്ന നിരവധി ശാസ്ത്രക്രിയകളാണ് മുടങ്ങി പോയത്. അടിയന്തര ശാസ്ത്രക്രിയകൾ നടത്താനുള്ള ഓക്സിജനായി തന്നെ ആശുപത്രി അധികൃതര്‍ പകരമൊരു സംവിധാനം തേടുകയായിരുന്നു.ഓക്സിജന്‍ ക്ഷാമം മുഴുവനായും പരിഹരിച്ചാൽ മാത്രമേ നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നടത്താൻ കഴിയൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളും ഉള്ളതിനാൽ കൂടുതൽ ഓക്സിജൻ ഇവിടെ ആവശ്യവുമാണ്.