യുവാവിനെ സൗഹൃദം നടിച്ച് തട്ടി കൊണ്ടുപോയിസ്വര്‍ണ്ണാഭരണവും, മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തകേസ്സിലെ പ്രതികള്‍ എം.ഡി.എം.എയുമായി അറസ്റ്റില്‍

Crime Keralam News

മലപ്പുറം: യുവാവിനെ സൗഹൃദം നടിച്ച് തട്ടി കൊണ്ടുപോയി സ്വര്‍ണ്ണാഭരണവും, മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസ്സിലെ പ്രതികളെ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് കാരക്കോട് ആനപ്പാറ സ്വദേശി ഇന്‍ഷാദ്(26), പഞ്ചായത്തുംപടി സ്വദേശി അമീര്‍ സുഹൈല്‍(25) എന്നിവരെയാണ് സി.ഐ: എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ എടക്കര പോലീസ് ഇന്ന് പുലര്‍ച്ചെ ഒന്നിനു മുപ്പിനിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. എടക്കരയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനെ പ്രതികള്‍ ഒരാഴ്ച മുമ്പ് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

പിന്നീട് രണ്ടു ദിവസം മുമ്പ് എടക്കരയില്‍ നിന്നും ഗൂഡല്ലൂരിലുള്ള വീട്ടിലേക്ക് പോകാന്‍ ബസു കാത്തു നില്‍ക്കുകയായിരുന്ന പരാതിക്കാരനെ പ്രതികള്‍ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. നാടുകാണിയില്‍ പോലീസ് ചെക്കിങ്ങുണ്ടെന്നും താമരശ്ശേരി വഴി പോകാമെന്നും പറഞ്ഞ പ്രതികള്‍ വഴിയില്‍ നിന്നും മദ്യം വാങ്ങി പരാതിക്കാരനെ നിര്‍ബന്ധിച്ചു കുടിപ്പിച്ചു. രാത്രി കോഴിക്കോട്ട് ചേവായൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത പ്രതികള്‍ അവിടെ വെച്ചും പരാതിക്കാരനെ നിര്‍ബന്ധിച്ചു മദ്യം നല്‍കി. മദ്യലഹരിയില്‍ മയങ്ങിയ പരാതിക്കാരന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാലയും , മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നെടുക്കുകയായിരുന്നു.

ഇന്നലെ രാവിലെ എഴുന്നേറ്റപ്പോള്‍ മാലയും ഫോണും നഷ്ടപ്പെട്ടതറിഞ്ഞ പരാതിക്കാരന്‍ പോലീസ് സ്റ്റേഷനില്‍ പോകാന്‍ തയ്യാറായെങ്കിലും പോലീസ് അറിഞ്ഞാല്‍ പുലിവാലാകുമെന്നും മാല തിരിച്ചു കിട്ടില്ലെന്നും സ്വന്തം നിലയില്‍ അന്വേഷിക്കാമെന്നും പറഞ്ഞ് പ്രതികള്‍ പരാതിക്കാരനെ കാറില്‍ കയറ്റി നഗരത്തിലൂടെ കറങ്ങി, പിന്നീട് തന്ത്രപൂര്‍വ്വം വൈകുന്നേരം അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു.

പിന്നീട് എടക്കരയിലെത്തിയ പരാതിക്കാരന്‍ പോലീസില്‍ വിവരം നല്‍കി. തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ. അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം പ്രതികളെ അന്വേഷിച്ചുവരവെ കാറില്‍ എടക്കര ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുപ്പിനിയില്‍ വെച്ച് പ്രതികളുടെ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പ്രതികളില്‍ നിന്നും വില്‍പ്പനക്കായി പത്തു ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച 2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത് . മോഷണം പോയ സ്വര്‍ണ്ണമാലയും ,മൊബൈല്‍ ഫോണും പ്രതികളില്‍ നിന്നും കണ്ടെടുത്തു. ആഢംഭര ജീവിതത്തിനും, മയക്കുമരുന്നിനും പണം കണ്ടെത്താന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തട്ടികൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചതിനും, കവര്‍ച്ച ചെയ്തതിനും മറ്റൊരു കേസ്സും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്.ഐ അബ്ദുള്‍ ഹക്കീം, എ.എസ്.ഐക രതീഷ്.കെ, സിപിഒ ഷെഫീഖ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍.എന്‍.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി. കെ.ടി, നിബിന്‍ദാസ് .ടി, ജിയോ ജേക്കബ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.