ഓണത്തിന് ശേഷം കോവിഡ് വ്യാപനം കൂടി; പത്തു ദിവസത്തിനകം രോഗികളുടെ എണ്ണം കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്

Health Keralam News

തിരുവനന്തപുരം: ഓണാവധിക്കു ശേഷം കേരളത്തിലെ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ 24ശതമാനം വർധനവ്. വൈറസ് പിടിപെട്ട ഒരാളിൽ നിന്നും എത്ര ആളുകളിലേക്ക് രോഗം വ്യാപിച്ചുവെന്ന് കണക്കാക്കുന്ന ആർ നോട്ട് വാല്യൂ 0.96ൽ നിന്നും ഉയർന്ന് 1.5ആയിട്ടുണ്ട്. ഇത് ഇനിയും കൂടാതെയിരുന്നാൽ രോഗികളുടെ എണ്ണവും അധികം കൂടില്ലായെന്നാണ് നിഗമനം. പത്ത് ദിവസത്തിനകം രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെന്നും പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ആഴ്‍ചയിൽ ഒരു ദിവസം തന്നെ 40000 ത്തിനും മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും സർക്കാർ തയ്യാറാക്കിയ കോവിഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

വാക്സിൻ വിതരണം മികച്ച രീതിയിൽ നടക്കുന്നതിനാലും അറുപതു വയസ്സ് കഴിഞ്ഞ വലിയൊരു ശതമാനം ആളുകളും വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചതിനാലും രോഗം ഗുരുതരമാവില്ലെന്നാണ് കരുതുന്നത്. അതിനാൽ തന്നെ ഐ സി യുവിലോ വെന്റിലേറ്ററിലോ കൂടുതൽ രോഗികളെയും പ്രവേശിപ്പിക്കേണ്ടി വരില്ല. പക്ഷെ ഓക്സിജൻ കൂടുതൽ രോഗികൾക്കും ആവശ്യമായി വന്നിട്ടുണ്ട്. തിരുവന്തപുരത്തെ മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വലിയൊരു വിഭാഗം രോഗികൾക്കും ഓക്സിജൻ ആവശ്യമായിട്ടുണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

ഇപ്പോൾ വടക്കൻ ജില്ലകളായ കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് രോഗികൾ കൂടുതലുള്ളത്. പക്ഷെ ആർ നോട്ട് വാല്യൂ കൊല്ലത്തും തിരുവനന്തപുരത്തും കൂടുന്നുണ്ട്. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങളിൽ ഈ രണ്ട് ജില്ലകളിലും രോഗികളുടെ എന്നതത്തിൽ വർധനവുണ്ടാവാൻ സാധ്യതയുണ്ട്.

നിലവിൽ വൈറസിന്റെ ഡെൽറ്റ വകഭേദം പിടിപെട്ടാൽ ലക്ഷണങ്ങൾ കാണിക്കാനുള്ള ഇൻകുബേഷൻ സമയം മൂന്ന് മുതൽ ആറു ദിവസം എന്ന കണക്കിലേക്ക് കുറഞ്ഞിട്ടുണ്ട്. സർക്കാർ പുറത്തിറക്കിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കപ്പെടുകയും വാക്സിൻ വിതരണം കൂട്ടുകയും ചെയ്തതിനാൽ അധികമാവാൻ സാധ്യതയുണ്ടായിരുന്ന കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.