വായനാ ദിനത്തില്‍ കൂട്ടുകാര്‍ക്ക് പുസ്തകങ്ങള്‍ തിരയാന്‍ മൊബൈല്‍ ആപ്പുമായി പ്ലസ്ടു വിദ്യാര്‍ഥി

Local News

മലപ്പുറം: വായനാ ദിനത്തില്‍ കൂട്ടുകാര്‍ക്ക് പുസ്തകങ്ങള്‍ തിരയാന്‍ മൊബൈല്‍ ആപ്പുമായി പ്ലസ്ടു വിദ്യാര്‍ഥി.കോട്ടപ്പടി ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥി ഷാമില്‍ പി.പി ആണ് സ്‌കൂള്‍ ലൈബ്രറി നവീകരിച്ച് സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ലിബ്രെ എന്ന ഒരു ആന്‍ ഡ്രോയ്ഡ് ആപ്പ് തയാറാക്കിയത്.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യഥേഷ്ടം കാറ്റലോഗുകള്‍ പരിശോധിക്കാനും പുസ്തകങ്ങള്‍ തിരയാനും ഈ സംവിധാനം ഉപകാരപ്പെടും. പുസ്തകങ്ങള്‍ വിതരണം നടത്താനും റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും ഇതിലൂടെ കഴിയും. മറ്റു ബാര്‍കോഡ് സ്‌കാനറുകള്‍ ഉപയോഗിക്കാതെ തന്നെ ആപ്പില്‍ ഉള്ളടക്കം ചെയ്തിട്ടുള്ള സ്‌കാനറില്‍ വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.

ഓപ്പണ്‍ സോഴ്‌സ് ലൈബ്രറി സോഫ്റ്റ് വെയര്‍ ആയ കൊഹയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന രീതിയിലും ലോക്കല്‍ നെറ്റ് വര്‍ക്കിനകത്ത് സ്‌കൂള്‍ – കോളേജ് ലൈബ്രറികളുടെ പ്രവര്‍ത്തനം മൊബൈലുകളുടേയോ കമ്പ്യൂട്ടറുകളുടേ യോ സഹായത്തോടെ ചെയ്യാന്‍ പറ്റുന്ന തരത്തിലുമാണ് ഈ ആപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാകത്തക്ക നടപടികള്‍ സ്വീകരിച്ചു വരുന്നു. അധ്യാപകരും പി.ടി.എ യും ഈ കൊച്ചു മിടുക്കന്റെ കഴിവില്‍ അഭിമാനിക്കുകയാണ്. സ്‌കൂള്‍ എന്‍.എസ് എസ് യൂണിറ്റിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഷാമില്‍.കൈനോട് വലിയങ്ങാടി പീടിക പറമ്പന്‍ ഹൗസില്‍ ജാഫര്‍ സീനത്ത് ദമ്പതിമാരുടെ മൂന്നുമക്കളില്‍ ഇളയവനാണ് ഷാമില്‍. ഭാവിയില്‍ സോഫ്‌റ്റ്വെയര്‍ രംഗത്ത് ഒരു സംരംഭകനാകണമെന്നാണ് ആഗ്രഹമെന്ന് ഷാമില്‍ പറയുന്നു.