സമസ്ത പൊതുപരീക്ഷ: സൂപ്രണ്ടുമാര്‍ക്ക് പരിശീലനം നല്‍കി

Keralam News

ചേളാരി : മാര്‍ച്ച് 4,5,6,12 തിയ്യതികളില്‍ നടക്കുന്ന സമസ്ത പൊതു പരീക്ഷക്ക് നേതൃത്വം നല്‍കുന്ന സൂപ്രണ്ടുമാര്‍ക്ക് പരിശീലനംനല്‍കി.166 സൂപ്രണ്ടുമാരെയാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി സൂപ്രണ്ടുമാരായി നിയോഗിച്ചിട്ടുള്ളത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. കെ.കെ. ഇബ്രാഹിം മുസ്ലിയാര്‍, കെ. പി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ. സി. അഹ്മദ് കുട്ടി മൗലവി, പ്രസംഗിച്ചു. കെ. എച്. കോട്ടപ്പുഴ സ്വാഗതവും, കെ. മൊയ്തീന്‍ ഫൈസി നന്ദിയും പറഞ്ഞു. ഇന്ന് (03/03/2023)വൈകുന്നേരം മൂന്ന് മണിക്ക് അതാതു ഡിവിഷന്‍ കേന്ദ്ര ങ്ങളില്‍ വെച്ച് സൂപ്രണ്ടുമാരുടെ നേതൃത്വ ത്തില്‍ സൂപര്‍വൈസര്‍മാര്‍ക്ക് പരിശീലനം നല്‍കും. 7,582 സെന്ററുകളിലായി 11,250 സൂപര്‍വൈസര്‍മാരെയാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.

സമസ്ത പൊതു പരീക്ഷ നടത്തിപ്പുമായി സഹകരിക്കുക

ചേളാരി : മാര്‍ച്ച് 4,5,6,12 തിയ്യതികളില്‍ നടത്തുന്ന സമസ്ത പൊതു പരീക്ഷ യുടെ കാര്യക്ഷമമായ നടത്തിപ്പുമായി സഹകരിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി. കെ. മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പരീക്ഷക്കിരിക്കുന്ന വിദ്യാര്‍ഥികള്‍, പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച സൂപര്‍വൈസര്‍മാര്‍, മേല്‍നോട്ടം വഹിക്കുന്ന സൂപ്രണ്ടുമാര്‍, പരീക്ഷയുമായി ബന്ധപ്പെട്ട് ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കെല്ലാം ആവശ്യമായ സൗകര്യങ്ങളും സെന്ററുകളില്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങളും ഒരുക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും മറ്റു ബന്ധപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.