വിവാഹിതരായാൽ നിർബന്ധിച്ചുള്ള ലൈംഗികബന്ധം ബലാത്സംഗമാവില്ലെന്ന് ചത്തീസ്ഗഢ് ഹൈക്കോടതി

Crime India News

ഭാര്യയുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാൽ അത് ബലാത്സംഗമായി പരിഗണിക്കാനാവില്ലെന്ന് ചത്തീസ്ഗഢ് ഹൈക്കോടതി. നിയമപ്രകാരം വിവാഹം കഴിച്ചാൽ ലൈംഗികബന്ധത്തിലേർപ്പെടാൻ ഭാര്യയുടെ അനുവാദം ആവശ്യമില്ലെന്നും അതിനാൽ തന്നെ ഇത് ബലാത്സംഗമായി കണക്കാക്കില്ലെന്നുമാണ് കോടതി പറഞ്ഞത്.

വിവാഹം കഴിഞ്ഞതിനു ശേഷം സ്ത്രീധന വിഷയത്തിൽ ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് കാണിച്ച് യുവതി കൊടുത്ത പരാതിയിലാണ് ഹൈക്കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശേഷം യുവതിയുടെ ഭർത്താവും കുറ്റാരോപിതനുമായ യുവാവിനെ കോടതി വെറുതെ വിട്ടു.

കുറ്റമാരോപിച്ച ആളിന്റെ നിയമപ്രകാരമുള്ള ഭാര്യയാണ് പരാതിക്കാരിയെന്നും അവർക്ക് പതിനെട്ടു വയസ്സ് പൂർത്തിയായതാണെന്നും കോടതി എടുത്തുപറഞ്ഞു. അതുകൊണ്ടു തന്നെ നിർബന്ധം പിടിച്ചുള്ള ലൈംഗികബന്ധം ഒരിക്കലും ബലാത്സംഗത്തിന്റെ ഗണത്തിൽ ഉൾപ്പെടില്ലെന്നും ഭാര്യയ്ക്ക് താല്പര്യം ഇല്ലാതിരുന്നാൽ പോലും അത് ബലാത്സംഗമാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പക്ഷെ യുവതിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആരോപണത്തിന് യുവാവിനെതിരെ കേസെടുക്കാൻ കോടതി അറിയിച്ചിട്ടുണ്ട്. സെക്ഷന്‍ 377 പ്രകാരമായിരിക്കും ഇയാൾക്കെതിരെ കേസെടുക്കുക.