കേരളത്തിലെ കൊവിഡ് വർധന: കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഇന്ന് യോഗം ചേരും

India Keralam News

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നേതൃത്വം നൽകുന്ന കൊവിഡ് അവലോകന യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഉയർന്ന കൊവിഡ് നിരക്ക് യോഗം വിലയിരുത്തും. രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 58 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. കേരളത്തിൽ മാത്രമാണ് ഇത്രയധികം കേസുകൾ ഉള്ളതെന്നും മറ്റു സംസ്ഥാനങ്ങളിൽ എല്ലാം കേസുകളിൽ വൻ കുറവുണ്ടായെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ ആകെ റിപ്പോര്‍ട്ട് ചെയ്ത 46,164 കേസുകളിൽ 30000 ത്തിലധികം കേസുകളും കേരളത്തിലാണ്. സ്ഥിരീകരിച്ച 607 മരണങ്ങളിൽ 215 എണ്ണം കേരളത്തില്‍ നിന്നുള്ളതാണ്. ഇത് ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.