ചെന്നിത്തലക്ക് ബി ജെ പിയിലേക്ക് സ്വാഗതം : എ എൻ രാധാകൃഷ്ണൻ

Keralam News Politics

രമേശ് ചെന്നിത്തലയെ ബി ജെ പിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എ.എൻ രാധാകൃഷ്ണൻ. അവഗണന നേരിട്ട് കൊണ്ടിരിക്കുന്ന മുതിർന്ന കോൺഗ്രസ്സ് നേതാക്കളെ തങ്ങൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പൊട്ടിത്തെറിയുടെ ഭാഗമായി മുതിർന്ന നേതാക്കളെ മുഴുവൻ അവഗണിക്കുന്ന നിലപാടാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പതിറ്റാണ്ടുകൾ ജീവിതം കൊടുത്ത പാർട്ടി ഇപ്പോൾ അവരോട് പുറത്തു പോകാൻ പറഞ്ഞിരിക്കുകയാണെന്നും എ എൻ രാധാകൃഷ്ണൻ ആരോപിച്ചു. അവർ സംഘടനയിൽ ഉണ്ടാക്കിയ സ്വാധീനങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെട്ട സ്ഥിതിയിൽ നിങ്ങൾ ബി ജെ പിയിലേക്ക് വരണമെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പറഞ്ഞു.

വി ഡി സതീശൻ അടങ്ങുന്ന പുതിയ നേതൃത്വം ചെന്നിത്തലയോട് പാര്‍ട്ടി വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രെയോ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് നേതൃത്വം ബി ജെ പിയിൽ ചേർന്നിട്ടുണ്ട്. സി പി എമ്മിലേക്ക് പോകാൻ കോൺഗ്രസ്സുകാർക്ക് ആകില്ല. ബി ജെ പിയിലേക് ചേരുന്നതുമായി ബന്ധപ്പെട്ട്നേതാക്കളുമായും അണികളുമായും ചർച്ചക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.