സുധാകരന്റെ പട്ടിക അംഗീകരിച്ചു; ഡിസിസി പ്രസിഡന്റുമാരെ ഉടനെ പ്രഖ്യാപിക്കും

Keralam News Politics

കെപിസിസി അധ്യക്ഷയായ കെ സുധാകരന്‍ സമർപ്പിച്ച പട്ടിക എഐസിസി അംഗീകരിച്ചതോടെ രണ്ടു ദിവസം കൊണ്ട് പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. പട്ടിക പ്രകാരം ഐ ഗ്രൂപ്പിലെ പ്രതിനിധികളാവും 9 ജില്ലയിൽ പ്രസിഡന്റ് ആവുക, അഞ്ചു ജില്ലയിലാണ് എ ഗ്രൂപ്പിന്റെ പ്രതിനിധികൾക്ക് സ്ഥാനം ലഭിച്ചത്. എന്നാൽ ഒരു വനിതയെ പോലും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല.

ഗ്രൂപ്പ് അനുസരിച്ചല്ല പട്ടിക ഉണ്ടാക്കിയതെന്നും മെറിറ്റ് മാത്രമേ പരിഗണിച്ചിട്ടുള്ളൂവെന്നും നേതൃത്വം വിശദമാക്കിയിട്ടുണ്ട്. എന്നാൽ പട്ടിക സംബന്ധിച്ച് കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ഇപ്പോഴും തർക്കം നടക്കുന്നുണ്ട്. അതിനാൽ തന്നെ ഈ മൂന്നു ജില്ലകൾ ഒഴികെ ബാക്കി എല്ലായിടത്തും പ്രസിഡന്റുമാരുടെ കാര്യത്തിൽ അവസാന തീരുമാനം ആയിട്ടുണ്ട്. ഗ്രൂപ്പിനോട് ചേർന്ന് പ്രവർത്തിച്ചവരെ മാത്രമേ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളുവെന്നാണ് ഉയരുന്ന ആരോപണം.

പ്രസിഡന്റുമാരെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെയോ അതിനടുത്ത ദിവസമോ ഉണ്ടാവും. കാസര്‍ഗോഡ് ഖാദര്‍ മങ്ങാട്, വയനാട് കെ കെ എബ്രഹാം, കോഴിക്കോട് പ്രവീണ്‍ കുമാര്‍, തൃശൂരില്‍ ജോസ് വള്ളൂര്‍, പാലക്കാട് എ തങ്കപ്പന്‍,എറണാകുളത്ത് മുഹമ്മദ് ഷിയാസ്, ഇടുക്കിയില്‍ സി.പി മാത്യു, ആലപ്പുഴയില്‍ ബാബു പ്രസാദ്, പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പില്‍ തുടങ്ങിയവരാണ് ഇപ്പോൾ നൽകിയ പട്ടികയിൽ ഉള്ളത്.