മുഖ്യമന്ത്രി മറുപടി നൽകിയില്ല; പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌കരിച്ചു

Keralam News Politics

തിരുവനന്തപുരം: ഡോളര്‍ കടത്ത് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യമന്ത്രിയുടെ പങ്ക് സഭയിൽ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഇന്നും പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. ഡോളര്‍ കടത്തില്‍ ഉയർന്ന ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് ആവശ്യം ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഈ കാര്യം ആവശ്യപ്പെട്ടു. ഇന്നലെയും ഇതേ വിഷയത്തിൽ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചിരുന്നു.

കോടതിയുടെ പരിഗണയിലുള്ള കേസിനെ കുറിച്ച് സഭയിൽ ചർച്ച ചെയ്യരുതെന്ന് പറയുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഈ കാര്യം ഇന്നലെ തള്ളിയതാണെന്ന് പറഞ്ഞ് സ്പീക്കര്‍ ചോദ്യോത്തരവേള തുടരുകയായിരുന്നു. പക്ഷെ മുഖ്യമന്ത്രി ഈ ആരോപണത്തിൽ മറുപടി പറയാതെ സഭാനടപടികളോട് സഹകരിക്കുകയില്ല എന്ന് വ്യക്തമാക്കി മുദ്രാവാക്യ വിളികളും ബാനറുകളുമായി സഭയ്ക്ക് പുറത്തുപോവുകയായിരുന്നു.