എല്ലാവർക്കും സർക്കാർ ജോലിയെന്ന ചിന്താഗതി മാറ്റണമെന്ന് ഹൈക്കോടതി

Keralam News

കേരളത്തിൽ മാത്രമാണ് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന ആവശ്യമുള്ളതെന്നും യുവതീ യുവാക്കൾ ഈ മാനസികാവസ്ഥ മാറ്റണമെന്നും ഹൈക്കോടതി. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് പി.എസ്.സി നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും അതിനൊപ്പമുള്ള ആനുകൂല്യങ്ങള്‍ക്കുമാണെന്നും കേന്ദ്രസര്‍ക്കാറിന് മാത്രമേ നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളുവെന്നും ഹൈക്കോടതി വിശദീകരിച്ചു. പഠിച്ച ആളുകൾക്കും ആടിനെ വളര്‍ത്താമെന്നും പക്ഷേ നമ്മള്‍ ആരും അതിന് തയ്യാറാകുന്നിലെന്നും ഹൈക്കോടതി പറഞ്ഞു.

എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ നീട്ടിനല്‍കണമെന്ന ഉത്തരവിനെതിരേ പി.എസ്.സി ഹൈക്കോടതിയിൽ ഹർജി നല്കിയതായിരുന്നു. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാകുന്നതിന് കാരണമാകുമെന്ന് കാണിച്ച്, സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ കാലാവധി നീട്ടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.