മുഴുവനായും അടച്ചിടേണ്ട അവസ്ഥയില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

Health Keralam News

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാനത്ത് മുഴുവനായും അടച്ചിടേണ്ട അവസ്ഥ നിലവിലില്ലെന്ന് വിദഗ്ദ്ധ സമിതിയോട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ഇതോടൊപ്പം കോവിഡിനെ ചെറുത്തുനിർത്താനുള്ള പതിനഞ്ച് നിർദേശങ്ങളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ആകെ ജനസംഖ്യയുടെ 55% ജനങ്ങളോളം വാക്സിനേഷൻ വഴിയോ ക്ലിനിക്കല്‍ / സബ്ക്ലിനിക്കല്‍ അണുബാധയുടെ ഫലമായോ ഒരു പരിധി വരെ പ്രതിരോധശേഷി നേടിയിട്ടുണ്ടാകാം. ഈ കാര്യവും നമ്മുടെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക അവസ്ഥയും കൂടെ പരിഗണിച്ചാൽ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുന്നത് ഉചിതമല്ലെന്നാണ് കെജിഎംഒഎ അറിയിച്ചത്.

വാക്സിനേഷൻ എത്രയും വേഗത്തിലാക്കണം, ടിപിആറിനെ അനുസരിച്ച് പ്രദേശത്തെ തിരിക്കാതെ പ്രതിദിന പുതിയ പോസിറ്റീവ് കേസുകള്‍, പ്രതിദിന സജീവ കേസുകള്‍ എന്നിവ കൂടെ പരിഗണിക്കണമെന്നും, രോഗ ലക്ഷണമുള്ളവരെയും അവരുടെ കോണ്‍ടാക്റ്റുകളെയും ലക്‌ഷ്യം വച്ചു പരിശോധന നടത്തണമെന്നും അല്ലാതെ ടിപിആര്‍ കുറയ്ക്കാൻ പരിശാധനകളുടെ എണ്ണവും രോഗികളെയും കൂട്ടരുതെന്നും, കോളനികള്‍, തീരദേശങ്ങള്‍ തുടങ്ങിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണവും പരിശോധനയും നടത്തണമെന്നുമൊക്കെയാണ് പ്രധാന നിർദേശങ്ങൾ.

സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളിൽ പനി, എആര്‍ഐ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉറപ്പാക്കണമെന്നും, തിരക്കുള്ള ചന്തകളെല്ലാം പ്രവര്‍ത്തന സമയം നീട്ടിക്കൊണ്ട് തിരക്ക് കുറയ്ക്കുന്ന രീതിയിൽ തുറക്കാൻ അനുമതി കൊടുക്കണം, അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ പ്രവർത്തിക്കണം, മറ്റു ഷോപ്പുകൾ രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ തുറക്കാം, കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൊടുക്കണം.

പാര്‍ട്ടീഷനോടുകൂടിയ ടാക്സികളും ഓട്ടോറിക്ഷകളും മാത്രമേ അനുവദിക്കാവൂ,ഡ്രൈവര്‍ ക്യാബിനില്‍ യാത്രക്കാരെ അനുവദിക്കരുത്, ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷിക്കാന്‍ അനുവദിക്കരുത്, പക്ഷെ ദൂരയാത്രക്കാര്‍ക്കായി തുറന്ന സ്ഥലത്ത് അകലത്തില്‍ ഭക്ഷണ സൗകര്യം അനുവദിക്കാം, വാക്സിനേഷന്‍ എടുത്തവരെയും കോവിഡിന് പരിശോധനാ ഫലം നെഗറ്റീവ് ആയവരെയും പ്രവേശിപ്പിച്ച് റിസോര്‍ട്ടുകളും ഹോട്ടലുകളും 25% ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാം, വലിയ ഒത്തുചേരലുകൾ ഒഴിവാക്കണം, അടുത്ത കുടുംബാംഗങ്ങളോടൊപ്പം മാത്രം സ്വന്തം വാഹനങ്ങളിൽ യാത്ര നടത്താവൂ, മുഴുവനായി അടച്ചിടുന്നതിനു പകരം പ്രത്യേക മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ കൊണ്ടുവരണം എന്നിവയാണ് മറ്റു നിർദേശങ്ങൾ.