മുട്ടിൽ മരംമുറി: കേരളത്തിലെ വലിയ വനംകൊള്ള

Keralam News

തിരുവനന്തപുരം: വയനാട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചതോടെ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നിലവിൽ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും ജുഡീഷ്യൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്.

കേസിൽ വനം വകുപ്പും റവന്യുവും തമ്മിൽ യാതൊരു തർക്കമില്ലെന്നും സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നു പ്രാഥമികമായി വ്യക്തമായിട്ടുണ്ടെന്നും മറുപടി അറിയിച്ചു. എന്നാൽ മറുപടിയിൽ തൃപ്തരാവാതെയാണ് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയത്. 14 കോടിയുടെ മരങ്ങൾ മുറിച്ച് കടത്തിയതായും അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരായി കണ്ടെത്തിയാൽ കടുത്ത നടപടികളായിരിക്കും സ്വീകരിക്കുക എന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ചോദ്യോത്തര വേളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. കേരളത്തിലെ വലിയ വനം കൊള്ളയാണെന്നും ആദിവാസികളെയും തൊഴിലാളികളെയും പ്രതികളാക്കി ഉന്നതരെ രക്ഷിക്കുന്നതിന് വേണ്ടി സർക്കാരും ചേർന്നുള്ള തട്ടിപ്പാണ്ടെന്നും സതീശൻ പറഞ്ഞു. സർക്കാരിന് വനംവകുപ്പ് മന്ത്രിയെയും റവന്റ് മന്ത്രിയെയും പ്രതി ചേർത്ത് കേസെടുക്കാൻ ധൈര്യമുണ്ടോയെന്നു ചോദിച്ചുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയത്.