ഫ്ളക്സ് ബോർഡുകൾ നീക്കണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ

Keralam News

അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളും പരസ്യബോർഡുകളും ഉടനെ നീക്കണമെന്ന് സംസ്ഥാന സർക്കാർ. പത്തു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സർക്കാർ, ഇവ സ്ഥാപിക്കാനുള്ള അനുമതി കൊടുക്കുന്നത് സംബന്ധിച്ചും കർശനനിർദേശങ്ങൾ ഇറക്കിയിട്ടുണ്ട്.

അതാത് സ്ഥാപനങ്ങൾക്കു പരിധിയിലുള്ള അനധികൃതമായി വെച്ച പരസ്യബോർഡുകൾ, ബാനറുകൾ, ഫ്ളക്സ് ബോർഡുകൾ എന്നിവയെല്ലാം എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കർശനമായ നിർദ്ദേശം കൊടുത്തിട്ടുണ്ട്. ദേശീയ പാത അതോറിറ്റിക്ക് ഇവ നീക്കം ചെയ്യാനുള്ള എല്ലാ സഹായങ്ങളും ചെയ്തു നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നീക്കം ചെയ്യുവാനുള്ള അറിയിപ്പ് കൊടുത്തിട്ടും മൂന്നുദിവസത്തിനകം പ്രതികരണം കിട്ടിയില്ലെങ്കിൽ ഏഴ് ദിവസത്തിനകം നീക്കം ചെയ്യുവാൻ കാണിച്ചു നോട്ടീസ് കൊടുക്കണം. തുടർന്നും നടപടി എടുത്തില്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നീക്കം ചെയ്യാം. ഇതിനു ചിലവാകുന്ന പണം ബോർഡ് സ്ഥാപിച്ചവരിൽ നിന്നും ഈടാക്കും.

ഇത്തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കുന്നതിനുള്ള ഉപാധികളിലും മാറ്റം വരുത്തിയിട്ടുണ്ട്. ബോർഡുകൾ സ്ഥാപിക്കുന്നത് വഴി അപകടമുണ്ടായാൽ ഉത്തരവാദിത്വം കരാറുകാരനായിരിക്കുകയും, അതിനു വരുന്ന നഷ്ടപരിഹാരവും അവർ തന്നെ കൊടുക്കണം. ഇതോടൊപ്പം 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലവും, ദുരന്ത നിവാരണ അതോറിറ്റിയുടെയും റോഡ് സുരക്ഷാ അതോറിറ്റിയുടെയും സമ്മതപത്രവും നൽകണം.

മരങ്ങളിൽ ആണിയടിച്ചു തൂക്കിയ പരസ്യങ്ങളും ഒഴിവാക്കാൻ പുതിയ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇവ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോടും സർക്കാർ നിർദ്ദേശം കൊടുത്തിട്ടുണ്ട്