സീരിയലിന് അനുമതി ഉള്ളപ്പോള്‍ എന്തുകൊണ്ട് സിനിമക്ക് ഇല്ല: ഷിബു ജി. സുശീലന്‍

Keralam News

കേരളത്തില്‍ ടിപിആര്‍ കുറയാതെ ചിത്രീകരണം അനുവദിക്കില്ലെന്ന സജി ചെറിയാന്റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍. സംസ്ഥാനത്ത് സീരിയലിന് ഷൂട്ടിംഗ് അനുമതി ഉള്ളപ്പോ എന്തുകൊണ്ട് സിനിമക്ക് അനുമതി ഇല്ല എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷിബു പ്രതികരിച്ചത്. സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സിനിമ മന്ത്രി. എന്നാല്‍ സീരിയല്‍ ചിത്രീകരിക്കാം, സിനിമാക്കാരാണോ കോറോണ പരത്തുന്നത് എന്നാണ് നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ ചോദിക്കുന്നത്. നമ്മുടെ രാഷ്ട്രീയം സിനിമയായി കണ്ട്‌കൊണ്ട് തൊഴില്‍ ചെയ്യാനുള്ള അനുവാദത്തിന് എല്ലാവരും ഒരുമിച്ച് നിന്ന് പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യമാണ് ഉള്ളതെന്നും ടിപിആര്‍ കുറയാതെ ചിത്രീകരണം അനുവദിക്കില്ലെന്നും സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ എന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.