സ്കൂളുകൾ തുറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകാനാവില്ലെന്ന് സുപ്രീംകോടതി

Education India News

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച സ്ക്കൂളുകൾ തുറക്കാൻ കേന്ദ്രത്തിനോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. വീണ്ടും സ്കൂളുകൾ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും, ശരിയായ തീരുമാനം അവർ എടുക്കട്ടെയെന്നും കോടതി അറിയിച്ചു.

കോവിഡ് ഇപ്പോഴും തുടരുന്നതിനാൽ സർക്കാരാണ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഉത്തരം നൽകേണ്ടത്. കുട്ടികളുടെ കാര്യമായതിനാൽ കൂടുതൽ ജാഗ്രതയോടെ വേണം തീരുമാനം എടുക്കാൻ. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ വേണമെന്നും കോടതി പറഞ്ഞു. ഇതിനിടെ കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് തുടരുന്നത് അറിയുന്നില്ലേയെന്നും ഹർജി നൽകിയ വിദ്യാർത്ഥിയോട് കോടതി ചോദിച്ചു.

സ്കൂൾ തുറക്കാൻ സർക്കാരിന് നിർദേശം നൽകണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ദില്ലിയിലെ ഒരു വിദ്യാർത്ഥിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചിരുന്നത്.