മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച്ച കൂടിക്കാഴ്ച്ച: സമരത്തിൽ നിന്നും പിൻവാങ്ങി വ്യാപാരികൾ

Keralam News

കോഴിക്കോട്: വ്യാപാരികൾ നാളെ നടത്താൻ തീരുമാനിച്ച കട തുറക്കൽ സമരം പിൻവലിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് വിവരം പുറത്ത് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കട തുറക്കൽ വേണ്ടെന്നാണ് തീരുമാനം. ഈ വിഷയത്തിൽ വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി വ്യാപാരികളുമായി കൂടിക്കാഴ്ച്ച നടത്തും.

ആഴ്ച്ചയിൽ മൂന്നു ദിവസം മാത്രം കടകൾ തുറക്കുന്നത് വ്യാപാരികളെ ദുരിതത്തിലാക്കിയിരുന്നു. കടകളുടെ വാടകയും മറ്റു ലോണുകളും അതിനു പുറമെ പ്രവർത്തി ദിവസങ്ങളിൽ മാത്രം കടകളിലേക്ക് ഉന്തിത്തള്ളി വരുന്ന ജനപ്രവാഹവും വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളായിരുന്നു. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാത്തപക്ഷം ഇനി മുഴുവൻ ദിവസങ്ങളിലും കടകൾ തുറന്നു പ്രവൃത്തിപ്പിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനമെടുത്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യാപാരികൾ സർക്കാരുമായി നടത്തിയ ചർച്ച പരാജയമായിരുന്നു.

അതിനെ തുടർന്ന് വ്യാഴാഴ്ച്ച കടകൾ തുറന്നു പ്രവർത്തിക്കുമെന്നും സമരത്തിൽ നിന്നും ഒരു കാരണവശാലും പിന്മാറില്ലെന്നും പറഞ്ഞിരുന്നു. പക്ഷെ സർക്കാരിന്റെ തീരുമാനങ്ങൾക്കൊപ്പം മാത്രമേ നിൽക്കാൻ കഴിയുള്ളുവെന്നും സമരത്തിൽ നിന്നും പിന്മാറണമെന്നും അല്ലെങ്കിൽ ശക്തമായ നിയമനടപടിൽ ഉണ്ടാകുമെന്നും കോഴിക്കോട് ജില്ലാ കളക്ടർ മുന്നറിയിപ്പ് കൊടുത്തു. തുടർന്ന് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന തീരുമാനത്തിൽ സമരം പിൻവലിക്കുകയായിരുന്നു.