കല്ലുകൾ മുകളിക്കെറിഞ്ഞു; വായുവിൽ തെളിഞ്ഞത് മോഹൻലാൽ

Entertainment Keralam News

കണ്ണൂർ: ആറു മിനുട്ടുള്ള വീഡിയോയിലൂടെ മോഹൻലാലിനെ വരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പയ്യന്നൂർ കോറോം സ്വദേശി കെ പി രോഹിത്. മോഹൻലാലിൻറെ ചിത്രം വായുവിൽ കാണിച്ചുള്ള വീഡിയോ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ഡ്രോയിങ് ബോര്ഡിൽ ആദ്യം പല വലിപ്പത്തിലുള്ള കല്ലുകൾ കൊണ്ട് മോഹൻലാലിൻറെ മുഖം വരച്ചു. ഇതിനുശേഷം നിന്നുകൊണ്ട് തന്നെ പതുക്കെ മുകളിലേക്കെറിഞ്ഞു. ഈ വീഡിയോയുടെ വേഗം കുറച്ചപ്പോൾ ഏകദേശം 6 സെക്കന്റുകളോളം മോഹൻലാൽ വായുവിൽ തെളിഞ്ഞു നിന്നു.

ചിത്രം കണ്ടു ഞെട്ടിയ മോഹൻലാൽ വല്ലാത്ത അത്ഭുതം എന്നാണ് പറഞ്ഞിരിക്കുന്നത്. നിരവധി ചിത്രങ്ങൾ കിട്ടിയ മോഹൻലാലിന് ആദ്യമായാവും വായുവിൽ തെളിഞ്ഞ ചിത്രം കിട്ടുന്നത്. ആരാധകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.

ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം താളം തെറ്റുന്ന ഈ കരവിരുത് അത്രയും സൂക്ഷ്മമായാണ് രോഹിത് ചെയ്തത്. കല്ലുകൾ വെക്കുന്നതിന്റെ ദൂരം കൂടിയാലും, മുകളിലേക്കെറിയുന്നതിന്റെ ആംഗിൾ ഒന്ന് മാറിയാലും, രണ്ടു കല്ലുകളുടെ ഭാരം മാറിയാലും പ്രതീക്ഷിച്ച രീതിയിൽ ചിത്രം കിട്ടില്ല.

ലോക്ക്ഡൗൺ കാലത്താണ് രോഹിത് കല്ലുകൊണ്ട് വരയ്ക്കാൻ പഠിക്കുന്നത്. ഒരുപാടു ക്ഷമയും സൂക്ഷ്‌മതയും ഇതിനു വേണമെന്ന് രോഹിത് പറയുന്നു. മുകളിലേക്കെറിയുമ്പോൾ ആദ്യം മുകളിലെയും പിന്നീട് താഴത്തെയും കല്ലുകൾ എന്ന രീതിയിലാണ് ഉയരുക. ഇതെല്ലം കൃത്യമായി അറിഞ്ഞിരിക്കണം.

കോറോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ് ടു കഴിഞ്ഞ ചിത്രകാരനായ രോഹിത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ മുൻപ് ഇടംപിടിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് പ്രശസ്തരായവരുടെ ചിത്രങ്ങൾ വായുവിൽ വരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത്.