ഇ ബുൾ ജെറ്റ്; പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന പോലീസിന്റെ ഹർജി കോടതി തള്ളി

Crime Keralam News

കണ്ണൂർ: ആർടി ഓഫീസിൽ സംഘര്ഷമുണ്ടാക്കിയതിന്റെ പേരിൽ പോലീസ് അറസ്റ് ചെയ്തിരുന്ന ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കില്ലെന്ന് തലശ്ശേരി സെഷന്‍സ് കോടതി. സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യവുമായി പൊലീസ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. അതിനാൽ രണ്ടുപേർക്കും കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം ഇനിയും തുടരും

സഹോദരങ്ങളെ ഇനിയും ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം കൊടുക്കുമെന്നും, ഇവർക്ക് കഞ്ചാവ് സംഘവുമായി ബന്ധമുള്ളതായി സംശയമുണ്ടെന്നുമായിരുന്നു പോലീസ് ഹർജിയിൽ പറഞ്ഞിരുന്നത്. അതിനാൽ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി രണ്ടു പേരെയും കസ്റ്റഡിയില്‍ വിട്ടു തരണമെന്നും പോലീസ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

കസ്റ്റഡിക്കുള്ള അപേക്ഷ പോലും ഇതുവരെ നൽകിയിട്ടില്ലെന്നും ഈ കേസ് വ്യാജമായി ഉണ്ടാക്കിയെടുത്തതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. വാഹനത്തിന്റെ മേൽ ചുമത്തിയ പിഴയടക്കാൻ ഒരുക്കമാണെന്ന് സഹോദരന്മാർ അറിയിച്ചിട്ടുണ്ട്. ഇതിനു മുൻപ് രണ്ട് തവണ കോടതി ഈ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു.