ആരും അറിയാതെ പോയ ‘കോൾഡ് കേസ്’ സമാനമായ കേസ്: കോഴിക്കോട്ടെ മണാശ്ശേരി ഇരട്ടക്കൊലപാതകം

Crime Keralam News

സിനിമയിലെ കഥകൾ പലപ്പോഴും യാഥാർഥ്യമാവലുണ്ട്. അല്ലെങ്കിൽ യഥാർത്ഥ കഥകളാകും പിന്നീട് സിനിമയാക്കുന്നത്. എന്നാൽ ഇവിടെ കോൾഡ് കേസ് എന്ന സിനിമ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുമ്പോൾ അതുപോലൊരു കേസ് കൈകാര്യം ചെയ്തതിന്റെ ഓര്മയിലാണ് കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് സംഘം. കോൾഡ് കേസ് എന്ന സിനിമയുടെ പൂർണ്ണ സാദൃശ്യമാണ് ഇവരുടെ ഈ കേസിനുമുള്ളത്.

സിനിമയിൽ കായലിൽ നിന്നും കിട്ടുന്ന ഒരു തലയോട്ടിയിൽ നിന്നുമാണ് എസ്‌പി സത്യജിത് അന്വേഷണം ആരംഭിക്കുന്നതും അപ്രതീക്ഷിത കൊലയാളിയിലേക്ക് കഥ എത്തി പെടുന്നതും. കേസിൽ തെളിവുകളിനും വഴിത്തിരിവുകൾക്കും സഹായകമാകുന്നത് ഒരു അദൃശ്യ ശക്തിയാണ്. എന്നാൽ ഒരു പോലീസുകാരൻ എന്ന നിലയ്ക് യുക്തിയും വിശ്വാസവും തമ്മിലുള്ള കോൺഫ്ലിക്റ്റിൽ യുക്തിയുടെ ഭാഗം ചേരാനാണ് സത്യജിത് ആഗ്രഹിക്കുന്നത്. അതുപോലെ ഒരു പ്രതിയിൽ നിന്നും കൂടുതൽ തെളിവുകളിലേക്ക് സാധാരണ കേസുകളിൽ നടക്കുന്നത് എന്നാൽ ഇവിടെ തെളിവുകളിൽ നിന്നാണ് പ്രതിയിലേക്ക് കടക്കുന്നത്. ‘എല്ലാ കേസുകളും ഒന്നിൽ നിന്നാണ് തുടങ്ങേണ്ടത് എന്നാൽ ഞങ്ങൾ പൂജ്യത്തിൽ നിന്നുമാണ്’ എന്ന് കോൾഡ് കേസിൽ പറയുന്നുണ്ട്.

ഇതേ വഴികളിലൂടെയാണ് കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് സംഘവും നാല് വർഷം മുമ്പ് നടന്നു നീങ്ങിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ അന്വേഷണസംഘത്തെ കൊണ്ടെത്തിച്ചത് ഒരു ഇരട്ട കൊലപാതകത്തിലേക്കായിരുന്നു. കോൾഡ് കേസ് എന്ന സിനിമയിലെ പോലെ തന്നെ പൂജ്യത്തിൽ നിന്നും തുടങ്ങിയ അന്വേഷണത്തിൽ പലവിടേയും സഹായകമായത് ഒരു അദൃശ്യശക്തിയായിരുന്നു. അന്വേഷണം മുന്നോട്ടു കൊണ്ടുപോവാൻ വഴിമുട്ടി നിന്നിരുന്ന സമയത്തെല്ലാം അവിടെ ഒരു നേരീയ വെളിച്ചം പോലെ അദൃശ്യ ശക്തി കൂടെ ഉണ്ടായിരുന്നു.

2017 ലാണ് കോഴിക്കോട് ചാലിയം കടപ്പുറം, മുക്കം കാരശ്ശേരി എന്നീ സ്ഥലങ്ങളിൽ നിന്നുമായി അറീത്തുമാറ്റിയ രീതിയിലുള്ള ശരീര ഭാഗങ്ങൾ കണ്ടെത്തുന്നത്. ഇടതു കയ്യാണ് ആദ്യം ലഭിച്ചത്. തുടർന്ന് മറ്റു സ്ഥലങ്ങളിൽനിന്നുമായി ബാക്കി ഭാഗങ്ങളും കിട്ടി. ഡിഎൻഎ പരിശോധനയിലൂടെ ശരീരം ഒരാളുടെയാണെന്നും തെളിഞ്ഞു. ആറു മാസത്തിനു ശേഷം 2017 ഡിസംബറിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നീണ്ട രണ്ടു വർഷത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശേഷം വിരലടയാളങ്ങളും ഫേഷ്യൽ റീ കൺസ്ട്രക്ഷൻ വഴിയും കൊല്ലപ്പെട്ട ആളെ കണ്ടെത്തി. ആദ്യത്തെ അന്വേഷണം പല്ലുകളിലൂടെ ആയിരുന്നു. പാലക്കൽ വെച്ച് ശാസ്ത്രീയ പരിശോധന നടത്തി മരിച്ച വ്യക്തിയുടെ പ്രായം കണ്ടെത്തി. പല്ലുകളിൽ ഉണ്ടായിരുന്ന കറ അന്യസംസ്ഥാന തൊഴിലാളിയിലേക്ക് വഴി തിരിച്ചു. എന്നാൽ കൈകൾ കണ്ടെത്തിയതോടെ വിരലടയാളം ശേഖരിക്കുന്നതിലേക്ക് കടന്നു. ശരീരം ഏറെ പഴകിയതുകൊണ്ടുതന്നെ വിരലടയാലും എടുക്കുക പ്രയാസകരമായിരുന്നു. എന്നിരുന്നാലും മൈക്രോ ലെൻസ് ഉപയോഗിച്ച് വിരലടയാളം വലുതാക്കുകയും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് എച്ച്ഡിലേക്ക് മാറ്റുകയും ചെയ്തു.

ഫിംഗർ പ്രിൻറ് ബ്യൂറോയുടെ സഹായത്തോടെ ആളെ തിരിച്ചറിഞ്ഞു. മലപ്പുറം വണ്ടൂർ സ്വദേശിയായ പുതിയോത്ത് ഇസ്മായിലിന്റേതായിരുന്നു ആ ശരീര ഭാഗങ്ങൾ. വാഹനമോഷണം ഉൾപ്പടെ നാല് കേസുകളിലെ പ്രതിയാണ് ഇസ്മായിൽ. കണ്ടെത്തിയ വിരലടയാളവും ഇസ്മായിലിന്റെ വിരലടയാളവും ഒന്നാണെന്നും കണ്ണൂർ റീജനൽ ഫോറൻസിക് ലാബിൽ നിന്നും കിട്ടിയ ഡിഎൻഎയും മരിച്ചത് ഇസ്മായിൽ ആണെന്ന് ഉറപ്പു വരുത്തി. തുടർന്ന് ക്രൈംബ്രാഞ്ച് ഇസ്മായിലിന്റെ ഒരു പ്രൊഫൈൽ ഉണ്ടാക്കി. അതിൽ അവസാനമായി ഇസ്മായിൽ പോയത് മുക്കത്ത് ഒരു അച്ചായനെ കാണാൻ വേണ്ടിയായിരുന്നുവെന്നും രണ്ടു ലക്ഷം രൂപ ആളുടെ കയ്യിൽ നിന്നും കിട്ടാനുണ്ടെന്നും അതൊരു സ്ത്രീയെ കൊലപ്പെടുത്തിയതിനുള്ള പ്രതിഫലമാണെന്നും ഇസ്മായിലിന്റെ ഭാര്യയും രണ്ടു സുഹൃത്തുക്കളും നക്കിയ വിവരത്തിൽ നിന്നുമറിഞ്ഞു.

ആ അന്വേഷണം ചെന്നെത്തിയത് 2016 ലെ 72 കാരിയായ ജയവല്ലിയുടെ ആത്മഹത്യയിൽ. 72 കാരി എന്തിനു ആത്മഹത്യ ചെയ്യണം എന്ന ചോദ്യം അതൊരു കൊലപാതകമാണെന്നും അതിനു പിന്നിൽ അച്ചായൻ എന്നും വിളിപ്പേരുള്ള ജയവല്ലിയുടെ മകൻ ബിർജുവാണെന്നും അറിഞ്ഞു. ഇസ്മായിൽ കേസ് തുടങ്ങിയപ്പോൾ തന്നെ ബിർജു വീടും സ്ഥലവും വിറ്റ് പോയിരുന്നു. അന്വേഷണത്തിൽ തമിഴ്‌നാട് വയനാട് ബോർഡറിലാണ് താമസം എന്നറിഞ്ഞു. ബിർജുവിന്റെ ചില സുഹൃത്തുക്കൾ വഴിയും പിന്നെ ഫേസ്ബുക്കിലെ ഫോട്ടോ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുള്ള പോലീസിന്റെ അന്വേഷണത്തിനൊക്കെ ഒടുവിൽ നീലഗിരിയിൽ ജോർജുകുട്ടി എന്ന പേരിലാണ് താമസം എന്നറിഞ്ഞു. പിന്നീട് സാഹസികമായി പോലീസ് ബിർജുവിനെ അറസ്റ്റ് ചെയ്തു.

അമ്മയുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. സഹായിയായി ഇസ്മായിലും. ഇതിന്റെ പ്രതിഫലം ഒരു വർഷമായിട്ടും കിട്ടിയില്ല. അതിനിടെ ബിർജു വീടും സ്ഥലവും വിറ്റുപോവാനുള്ള ഒരുക്കവുമായി. അതറിഞ്ഞു ഇസ്മായിൽ ബിർജുവിനെ വിളിച്ചപ്പോ പണം തരാം വീട്ടിലേക്ക് രാത്രി വന്നമതി എന്ന് പറഞ്ഞു. പണം വാങ്ങാൻ ചെന്ന ഇസ്മായിൽ മദ്യം നൽകി അബോധാവസ്ഥയിലാക്കി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം ജംഗ്ഷനിലെ കടയിൽ നിന്നും സർജിക്കൽ ബ്ലേഡും വലിയ പ്ലാസ്റ്റിക് കവറുകളും വാങ്ങി ഇസ്മായിലിന്റെ ശരീരം കഷ്ണങ്ങളാക്കി മുറിച്ച് അതിലേക്കാക്കി. പിന്നീട് സിനിമയിലേതു പോലെ ബൈക്കിൽ അവ കൊണ്ടുപോയി പലയിടങ്ങളിലായി ഉപേക്ഷിച്ചു.

മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമായി ശാസ്ത്രീയ അന്വേഷണത്തിലൂടെ മാത്രം കേസ് തെളിയിക്കുകയും തെളിവുകളിലൂടെ പ്രതിയെ പിടിക്കുകയുമാണ് മണാശ്ശേരി ഇരട്ടകൊലപാതകത്തിലൂടെ ക്രൈംബ്രാഞ്ച് സംഘം ചെയ്തത്. അതിനു കോൾഡ് കേസ് എന്ന ചിത്രം റിലീസ് ആയ ദിവസം തന്നെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്‌ജ് ഓഫ് ഓണർ ബഹുമതി ക്രൈം ബ്രാഞ്ച് സംഘത്തിന് കിട്ടി.