ഗ്വാളിയോറിലേക്ക് പറക്കാനൊരുങ്ങി ചെമ്മംകടവ് ഹോക്കി താരങ്ങൾ

International Keralam Local News Sports

മലപ്പുറം: ഡിസംബർ ഇരുപത്തെട്ട് മുതൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് സബ് ജൂനിയർ, ജൂനിയർ ബോയ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മംകടവിൽ നിന്നും ജില്ലാ ജൂനിയർ ടീം ക്യാപ്റ്റൻ അതുൽ ഷാ, സബ് ജൂനിയർ ക്യാപ്റ്റൻ അമൽ രാജ് എന്നിവരടങ്ങിയ ആറംഗ സംഘം കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി പുറപ്പെട്ടു. ഇവരോടൊപ്പം ആദർശ്, അഭയ് കൃഷ്ണ, അഭി ഫെർണാണ്ടസ്, ഷിബിൻ സാദ് എന്നിവരും കേരളത്തിന്റെ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങും. ഇതാദ്യമായാണ് കേരളം ദേശീയ സബ് ജൂനിയർ ഹോക്കി മത്സരത്തിൽ പങ്കെടുക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ തിരുവനന്തപുരം ജി.വി.രാജ സ്പോട്സ് സ്കൂളിൽ നടന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഈ വർഷം ഒഡീഷയിൽ വെച്ച് നടന്ന ഹോക്കി ഇന്ത്യ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ അതുൽ ഷായും അഭി ഫർണാണ്ടസും പങ്കെടുത്തിട്ടുണ്ട്. മികച്ച ഗോൾകീപ്പറായ അഭയ് കൃഷ്ണ സബ് ജൂനിയർ വിഭാഗത്തിൽ ഇക്കുറി കേരളത്തിൻ്റെ ഗോൾവല കാക്കും. കളിക്കളത്തിൽ ഇന്ദ്രജാലം തീർക്കുന്ന ഈ കായിക താരങ്ങൾ കേരളാ ഹോക്കി ടൂർണമെൻ്റ്, സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്, സംസ്ഥാന നെഹ്റു ഹോക്കി ,ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പുകൾ എന്നിവയിലും പങ്കെടുത്ത് വിജയികളായിട്ടുണ്ട്. സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കിയിലും നെഹ്റു ഹോക്കിയിലും ഇക്കുറി മലപ്പുറം ജില്ലാ ടീം വെള്ളി മെഡൽ ജേതാക്കളായിരുന്നു.

ഡിസംബർ പത്തൊമ്പത് മുതൽ ഇരുപത്തഞ്ച് വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം പൂർത്തിയാക്കി കേരള ടീം ഇരുപത്തഞ്ചിന് ഗ്വാളിയോറിലേക്ക് പുറപ്പെടും. ഡിസംബർ ഇരുപത്തെട്ട് മുതൽ ജനുവരി ഒന്ന് വരെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദേശീയ സ്കൂൾ ഹോക്കി മത്സരം നടക്കുന്നത്.

സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത പതിനാല് ജില്ലാ ടീമുകളിലെ ഹോക്കി താരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനെട്ടംഗ സംസ്ഥാന ടീമിലിടം നേടിയ മലപ്പുറം ജില്ലയിലെ താരങ്ങളാണ് ചെമ്മംകടവ് ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വിദ്യാർത്ഥികൾ.

സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് ഇവർക്ക് സംസ്ഥാന ടീമിൽ ഇടം നേടുവാൻ സഹായിച്ചത്.
സ്കൂളിലെ സ്പോട്സ് ക്ലബ്ബായ “ദ ഫ്ലിക്ക് ” ചെമ്മംകടവിലെ ചിട്ടയായ പരിശീലനത്തിലൂടെ നിരവധി ദേശീയ താരങ്ങളാണ് ഈ വിദ്യാലയത്തിൽ പിറവിയെടുത്തിട്ടുള്ളത്. ഇന്ത്യൻ ഇൻ്റോർ ഹോക്കി കോച്ചും, ഹോക്കി ഇന്ത്യ ലെവൽ വൺ പരിശീലകനും കായികാദ്ധ്യാപകനുമായ ഡോ.മുഹമ്മദ് ഷറഫുദ്ദീൻ റസ് വിയാണ് ഇവരുടെ പരിശീലകൻ. കേരള സ്കൂൾ ടീമിൻ്റെ ദീർഘകാല പരിശീലകനായും ഈ അധ്യാപകൻ തിളങ്ങിയിട്ടുണ്ട്.
സംസ്ഥാന ടീമിലിടം നേടിയ താരങ്ങളെ പി.ടി.എ പ്രസിഡൻ്റ് പി.പി.നാസർ പ്രിൻസിപ്പാൾ എൻ.കെ. മുജീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ പി.മുഹമ്മദ് അബ്ദുൽ നാസർ എന്നിവർ അഭിനന്ദിച്ചു.