സ്ത്രീധനം കൊടുക്കാതെ മകളെ സ്വീകരിക്കില്ലെന്ന് മരുമകൻ ;വീഡിയോ ചിത്രീകരിച്ച് ഗൃഹനാഥൻ ജീവനൊടുക്കി -സംഭവം നടന്നത് മലപ്പുറത്ത്

Crime Keralam News

മലപ്പുറം: സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതിന്റെ മനഃപ്രയാസത്തിൽ പിതാവ് തൂങ്ങിമരിച്ചു.മലപ്പുറം മമ്പാട് സ്വദേശിയായ മൂസക്കുട്ടിയാണ് മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള വേദനകൾ റെക്കോർഡ് ചെയ്ത ശേഷം സ്വയം ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം. വീടിനടുത്തുള്ള റബ്ബർതോട്ടത്തിലാണ് മൂസക്കുട്ടി തൂങ്ങിമരിച്ചത്.

തന്റെ മകളെ ഭര്‍ത്താവ് അബ്‍ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും എന്‍റെ വേദന കേരളം ഏറ്റെടുക്കണമെന്നുമാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്.

2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്‍ദുള്‍ ഹമീദും വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറവാണെന്ന പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ഹിബ പറയുന്നത്.
വിവാഹ സമയത്ത് നൽകിയ 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോൾ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കിയെങ്കിലും അതും പോരെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്‍ദുള്‍ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഹിബയുടെ പരാതിയില്‍ അബ്‍ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ നിലമ്പൂർ പോലീസ് കേസെടുത്തിട്ടുണ്ട്.