ഡ്രൈവറെ കൊലപ്പെടുത്തിയ കേസ് : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Crime Local News

മഞ്ചേരി : ടിപ്പര്‍ ലോറി ഡ്രൈവറെ അടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മലപ്പുറം രാമപുരം സ്‌കൂള്‍പടി പൂളേക്കുന്നന്‍ നൗഷാദ് (43)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ സനില്‍കുമാര്‍ തള്ളിയത്. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട അനീസ് ഓടിച്ച ടിപ്പര്‍ ലോറി പ്രതിയുടെ സ്‌കൂട്ടറിനെ മറികടന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊരുന്നുംപറമ്പ് വെച്ച് ലോറി തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അനീസിനെ നാട്ടുകാര്‍ പടപ്പറമ്പ് വെല്‍കെയര്‍ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊളത്തൂര്‍ എസ് ഐ സി കെ ബാബു നവംബര്‍ 28ന് അറസ്റ്റ് ചെയ്ത പ്രതി പെരിന്തല്‍മണ്ണ സബ്ജയിലില്‍ റിമാന്റിലാണ്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി