കുടുംബത്തിന് നടുറോഡില്‍ മര്‍ദ്ദനം : യുവാവിന് ആറു വര്‍ഷം തടവും പിഴയും

Local News

മഞ്ചേരി :കുടുംബത്തിന് നടുറോഡില്‍ മര്‍ദ്ദനം. മൂന്നംഗ കുടുംബത്തെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ യുവാവിനെ മഞ്ചേരി പട്ടികജാതി-വര്‍ഗ സ്പെഷ്യല്‍ കോടതി ആറു വര്‍ഷം തടവിനും 16500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. താനൂര്‍ പരിയാപുരം മോയിക്കല്‍ വീട്ടില്‍ കല്ലായി അസീസിനെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. താനൂര്‍ ഓട്ടുപ്പുറത്ത് സാസനംകണ്ടത്തില്‍ സുബ്രഹ്മണ്യന്‍(65), ഭാര്യ വനജ(63), മകന്‍ സുനീഷ്(38) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 2021 ജൂലൈ 21ന് പരിയാപുരം റോഡിലാണ് കേസിന്നാസ്പദമായ സംഭവം. സുഹൃത്തിനെ സംബന്ധിച്ച് മോശമായി സംസാരിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ചാവി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിന് മൂന്നു വര്‍ഷം തടവ് 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക തടവ്, വാഹനം അടിച്ചു തകര്‍ത്തതിന് രണ്ടു വര്‍ഷം തടവ്, 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ തടവ്, മര്‍ദ്ദിച്ചതിന് ഒരു വര്‍ഷം തടവ്, 1000 രുപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ്, തടഞ്ഞു വെച്ചതിന് ഒരു മാസം തടവ് 500 രുപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി