ഫലസ്തീന്‍: ഒക്‌ടോബര്‍ 31 ന് സമസ്തജില്ലാ തലത്തില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ നടത്തും.

International Local News

ചേളാരി: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒക്‌ടോബര്‍ 31-ന് ജില്ലാ തലത്തില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ലാ സംഗമങ്ങളുടെ പ്രചരണാര്‍ത്ഥം ഒക്‌ടോബര്‍ 27-ന് വെള്ളിയാഴ്ച ജുമുഅ:ക്കുശേഷം മഹല്ല് തലത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും സംഘടന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക ബാനര്‍ ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രാര്‍ത്ഥനകള്‍ നടത്തും. ആദ്യഖിബ്‌ലയും ഏറ്റവും പവിത്രമായി മുസ്‌ലിംകള്‍ കരുതുന്ന മൂന്ന് മസ്ജിദുകളില്‍ ഒന്നായ ബൈത്തുല്‍മുഖദ്ദസില്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥന നിഷേധിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. സ്വതന്ത്ര ഫലസ്തീനിന് വേണ്ടിയും ബൈത്തുല്‍മുഖദ്ദസിന്റെ മോചനത്തിനുവേണ്ടിയും പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേല്‍ ഭരണ കൂടം നടത്തുന്ന നിഷ്ഠൂരവും പൈശാചികവുമായ അക്രമത്തില്‍ യോഗം ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തി. ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ലോകരാഷ്ട്രങ്ങള്‍ മുന്‍കൈഎടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ തീരുമാനപ്രകാരം ജില്ലകളില്‍ നടന്ന ഉലമാ സമ്മേളനങ്ങള്‍ വന്‍വിജയമായിരുന്നു എന്ന് യോഗം വിലയിരുത്തി. നടക്കാനിരിക്കുന്ന ജില്ലകളിലെ സമ്മേളനം വിജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത കേന്ദ്ര മുശാവറ തീരുമാന പ്രകാരം തുടര്‍ന്നു നടക്കുന്ന ജില്ലാ ഉലമാ-ഉമറാ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ഏകോപന സമിതി ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സത്താര്‍ പന്തലൂര്‍, നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് സ്വാഗതവും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.