താലിബാന് അൽഖ്വയ്ദയുടെ അഭിനന്ദനം: കാശ്മീരിനെ മോചിപ്പിക്കണമെന്ന് ആവശ്യം

International News Politics

അഫ്‌ഗാനിസ്ഥാനിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ച താലിബാന് അഭിനന്ദന സന്ദേശങ്ങളുമായി ഭീകര സംഘടനയായ അൽഖ്വയ്ദ. കാബൂളിൽ നിന്നും അവസാന യുഎസ് സൈനികനും രാജ്യം വിട്ട ശേഷമാണ് അൽഖ്വയ്ദ താലിബാന് അഭിനന്ദന സന്ദേശമയച്ചത്. ഇനി കാശ്മീരിനെയും മറ്റ്‌ ഇസ്ലാമിക രാജ്യങ്ങളെയും ശത്രുക്കളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കണമെന്നും സന്ദേശത്തിൽ അല്‍ ഖ്വയ്ദ ആഹ്വാനം ചെയ്തു.

കാലങ്ങളായി അല്‍ഖ്വയ്ദ ഉയര്‍ത്തുന്ന ആവശ്യമാണ് കാശ്മീർ മോചിപ്പിക്കുക എന്നത്. ഇതാണ് താലിബാനോടും അവർ ആവർത്തിച്ചിരിക്കുന്നത്. കാശ്മീരിനോടൊപ്പം ജോര്‍ദാന്‍, സിറിയ, ലെബനാന്‍, പലസ്തീന്‍, സൊമാലിയ തുടങ്ങിയ നാടുകളുടെ മോചനത്തിന് വേണ്ടിയും പ്രവർത്തിക്കണമെന്നും സന്ദേശത്തിൽ അല്‍ ഖ്വയ്ദ പറയുന്നു.

ഇസ്‌ലാമിക രാജ്യങ്ങളെ ശത്രു രാജ്യങ്ങളുടെ പിടിയിൽ നിന്നും മോചിപ്പിക്കുക, മുസ്ലിംകൾക്ക് ലോകാടിസ്ഥാനത്തിൽ സ്വാതന്ത്ര്യം നൽകുക, തടവുകാരെ മോചിപ്പിക്കുക എന്നിവയടങ്ങുന്ന നിർദ്ദേശങ്ങളാണ് അഭിനന്ദന സന്ദേശത്തിൽ താലിബാനോട് അല്‍ ഖ്വയ്ദ ആഹ്വാനം ചെയ്യുന്നത്. ‘അഫ്ഘാൻ വിജയത്തിന് ഇസ്‌ലാം സമൂഹത്തിന്റെ അഭിനന്ദനങ്ങൾ’ എന്ന തലക്കെട്ടിലാണ് സന്ദേശം. താലിബാന്റെ വിജയത്തോടു കൂടി ലോകമൊട്ടുക്കുമുള്ള ഭീകര സംഘടനകൾ ഉണരുമെന്ന സന്ദേഹങ്ങൾക്കിടയിലാണ് അല്‍ ഖ്വയ്ദ പരസ്യമായി സന്ദേശം പുറത്തിറക്കിയത്.