വ്യാജ വാർത്തകൾ തടയാൻ സർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം

India News

തമിഴ്‌നാട്ടിൽ വ്യാജ മാധ്യമപ്രവർത്തനം നടത്തുന്നവരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെയും തടയാൻ മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ജസ്റ്റിസ് എന്‍ കിരുബാകരന്‍, പി വേല്‍മുരുകന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

ഈ ലക്ഷ്യത്തിനായി മാത്രം പ്രവർത്തിക്കുന്ന ‘പ്രസ്സ് കൌൺസിൽ ഓഫ് തമിഴ്‌നാട്’ രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മൂന്ന് മാസമാണ് രൂപീകരണത്തിനായി കോടതി സമയം അനുവദിച്ചത്. റിട്ടയേര്‍ഡ് ജഡ്ജി, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർ, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിൽ നിന്നും വിരമിച്ചവർ എന്നിവർ അടങ്ങിയ കൌൺസിൽ ആണ് രൂപീകരിക്കേണ്ടത്. അതോടൊപ്പം അനുയോജ്യമായ കൂടിയാലോചനകൾക്ക് ശേഷം പ്രസ് അക്രഡിറ്റേഷന്‍ നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങൾ വരുത്താനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു.

പുതിയ പ്രസ്സ് കൌൺസിൽ അംഗീകരിക്കുന്ന മാധ്യമപ്രവർത്തകർക്ക് സര്‍ക്കാര്‍ തലത്തിൽ മറ്റു പ്രവര്‍ത്തനങ്ങളിലോ കരാര്‍ ജോലികളിലോ ഏർപ്പെടാൻ കഴിയില്ല. വാഹനങ്ങളിൽ പതിക്കുന്ന പ്രസ് സ്റ്റിക്കറുകളും മാധ്യമ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡുകളും മറ്റ്‌ ആനുകൂല്യങ്ങളും ബോധ്യപ്പെട്ട ശേഷം മാത്രമേ മാധ്യമസ്ഥാപനങ്ങൾക്ക് നൽകാവൂ. അതിനായി ജീവനക്കാരുടെ വിവരണങ്ങളും മറ്റു വിഷാദശാംശങ്ങളും സർക്കാരിന് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

രൂപീകരിക്കുന്ന പ്രസ് കൗണ്‍സിലിന്റെ അനുമതിയില്ലാതെ പത്രസമ്മേളനങ്ങൾ പാടില്ല. വാഹനങ്ങളിൽ ‘പ്രസ്സ്’ സ്റ്റിക്കര്‍ പതിച്ച് ചൂഷണങ്ങൾ ധാരാളമായി നടക്കുന്നുവെന്നും ഇത്തരം വ്യാജ പ്രവണതകൾ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ശുദ്ധവും ശക്തവുമായ മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ സർക്കാർ ഇടപെടണമെന്നും കോടതി നിരീക്ഷിച്ചു.