പേസ്റ്റ് രൂപത്തിലും ക്യാപ്സ്യൂളായും കടത്ത്. കരിപ്പൂരില്‍ മൂന്നുകോടിയുടെ സ്വര്‍ണം പിടികൂടി

Breaking Crime Local News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി പേസ്റ്റ് രൂപത്തിലും ക്യാപ്സ്യൂളായും കടത്താന്‍ ശ്രമിച്ച മൂന്നുകോടി രൂപയുടെ സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലും ക്യാപ്സ്യൂളുകളായും കടത്തിയ 5.4 കിലോ സ്വര്‍ണമാണ് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി കസ്റ്റംസ് പിടിച്ചത്. ആറുപേരെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍ പറയരുകണ്ടിയില്‍ (40) കരുമ്പാറുകുഴിയില്‍ മുഹമ്മദ് മിദ്‌ലാജ് (21) കോഴിക്കോട് കക്കട്ടില്‍ സ്വദേശി ലിഗേഷ് (40) കോഴിക്കോട് ചേളാര്‍ക്കാട് സ്വദേശി അസീസ് കൊല്ലന്റവിട (45) മലപ്പുറം സ്വദേശി സമീര്‍ (34) അബ്ദുള്‍ സക്കീര്‍ (34) എന്നിവരാണ് പിടിയിലായത്. റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീര്‍ ക്യാപ്സ്യൂള്‍ രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. 619 ഗ്രാം തൂക്കമുള്ള രണ്ട് ക്യാപ്സ്യൂളുകളാണ് ഇയാളില്‍നിന്നും കണ്ടെടുത്തത്. ദുബായില്‍ നിന്ന് സ്വര്‍ണവുമായി എത്തിയ മുഹമ്മദ് മിദ്‌ലാജില്‍നിന്ന് ബെഡ്ഷീറ്റില്‍ കടലാസില്‍ തേച്ച് ഒട്ടിച്ചിരുന്നനിലയിലാണ് 985 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച രണ്ട് ക്യാപ്സ്യൂളുകളാണ് ലിഗേഷില്‍നിന്ന് പിടിച്ചെടുത്തത്. സ്വര്‍ണമിശ്രിതത്തിന് 543 ഗ്രാം തൂക്കമുണ്ട്. ദോഹയില്‍നിന്നാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. പിടിയിലായ അസീസും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. 970 ഗ്രാം തൂക്കമുള്ള നാല് ക്യാപ്സ്യൂളുകള്‍ ഇയാളില്‍നിന്നും കണ്ടെടുത്തു. ജിദ്ദയില്‍നിന്നെത്തിയ സമീര്‍ 1277 ഗ്രാം സ്വര്‍ണമിശ്രിതമാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത്. അബ്ദുള്‍ സക്കീര്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 1066 ഗ്രാം സ്വര്‍ണമാണ്. ഇയാളും ജിദ്ദയില്‍നിന്നാണ് കരിപ്പൂരില്‍ എത്തിയത്.