അവയവങ്ങളിലെ പരിക്കിനെ പ്രതിരോധിക്കാൻ മരുന്നുമായി ജോര്‍ജിയയിലെ ശാസ്ത്രജ്ഞർ

Health International News

ജോര്‍ജിയ: അവയവങ്ങൾക്കുണ്ടാവുന്ന പരിക്കിനെ പ്രതിരോധിക്കാന്‍ കഴിയുന്ന മരുന്നു കണ്ടുപിടിച്ചതായി കെമിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. കാര്‍ബണ്‍ മോണോക്സൈഡ് വിതരണം ചെയ്യുന്ന ഒരു ഓറല്‍ പ്രോഡ്രഗാണ്​ ഇതിനായി ഉണ്ടാക്കിയെടുത്തതായി പഠനത്തിൽ പറയുന്നത്.

വലിയ അളവിലുള്ള കാര്‍ബണ്‍ മോണോക്സൈഡ് വാതകം വിഷമയമാണെങ്കിലും, കോശങ്ങളെ പരിക്കില്‍ നിന്ന് സംരക്ഷിക്കാനും അവിടങ്ങളിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നുണ്ടന്ന് പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതിനുമുൻപുള്ള ചില പഠനങ്ങളിലും വൃക്ക, ശ്വാസകോശം, ചെറുകുടല്‍, കരള്‍ തുടങ്ങിയ അവയവങ്ങൾക്കുണ്ടാകുന്ന പരിക്കുകളിൽ നിന്നും സംരക്ഷിക്കാൻ കാര്‍ബണ്‍ മോണോക്സൈഡിന് കഴിയുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റീജന്‍റ്​സ്​ കെമിസ്ട്രി പ്രഫ. ബിംഗെ വാങിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ പുതിയ പഠനം നടത്തിയത്. ഇതിനു വേണ്ടി കഴിഞ്ഞ അഞ്ചു വർഷത്തോളമായി മരുന്ന് വഴി കാര്‍ബണ്‍ മോണോക്സൈഡ് മനുഷ്യ ശരീരത്തിനുള്ളിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു.

സാക്കറിന്‍, അസെസള്‍ഫേം എന്നീ കൃത്രിമ മധുരങ്ങളിലൂടെ വാതകത്തെ ശരീരത്തിൽ എത്തിക്കാനുള്ള മരുന്നുകളും ഇവർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇത്തരം കൃത്രിമ മധുരങ്ങൾ വയറിൽ എത്തിയാൽ ശരീരത്തിലെ ജലവുമായി കൂടിച്ചേർന്ന് കാർബൺ മോണോക്സൈഡിനെ ഉണർത്തും. ഇത് അവയവങ്ങളുടെ സംരക്ഷണത്തിനും, അവയവമാറ്റ ശസ്ത്രക്രിയക്കിടെ ഉണ്ടാകുന്ന സങ്കീര്ണതകളെയും ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.