ജിയോയ്ക്കും എയര്‍ടെലിനും വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വിഐക്ക് വൻ കുറവും

India News

ഇന്ത്യയിലെ ടെലികോം സേവനദാതാക്കളുടെ വളര്‍ച്ചാ റിപ്പോര്‍ട്ടിൽ കൂടുതൽ വരിക്കാരുമായി ഒന്നാം സ്ഥാനത്ത് റിലയന്‍സ്​ ജിയോ. 55 ലക്ഷത്തോളം പുതിയ വരിക്കാരാണ് ജൂൺ മാസത്തിൽ മാത്രം റിലയന്‍സ്​ ജിയോ നെറ്റ്​വര്‍ക്കിലേക്ക് ചേർന്നത്. 38 ലക്ഷം പുതിയ വരിക്കാരുള്ള ഭാരതി എയര്‍ടെലാണ് റിപ്പോർട്ടിൽ രണ്ടാം സ്ഥാനത്തുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ടെലികോം സേവനദാതാക്കളുടെ വളര്‍ച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൊഡാഫോണ്‍ ഐഡിയയെ ജൂണിൽ 42.89 ലക്ഷം വരിക്കാർ വിട്ടുപോവുകയാണ് ചെയ്തത്. നിലവിലെ കണക്കനുസരിച്ച് ജിയോയ്ക്ക് 43.66 കോടി വരിക്കാരും എയര്‍ടെല്ലിന് 35.21 കോടി വരിക്കാരുമാണുള്ളത്. അതെ സമയം വൊഡാഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം കുറഞ്ഞ് 27.33 കോടി മാത്രയായി. സർക്കാരിന്റെ അധീനതയിലുള്ള ബി.എസ്​.എന്‍.എലിനും 9.93 ലക്ഷം വരിക്കാരുടെ എണ്ണം കുറഞ്ഞ് 11.53 കോടിയായിട്ടുണ്ട്.

ഇന്ത്യയിലെ ആകെ വയര്‍ലെസ്​ വരിക്കാരുടെ എണ്ണത്തിലും പ്രതിമാസം 0.34 ശതമാനം എന്ന വർദ്ധനവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മെയ് മാസം നഗരങ്ങളിൽ 64.14 കോടി വയര്‍ലെസ്​ വരിക്കാരുണ്ടായിരുന്നെങ്കിൽ ജൂൺ ആയപ്പോഴേക്കും 64.62 കൂടിയായി ഇത് വർധിച്ചു. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ വരിക്കാരുടെ എണ്ണം കുറയുകയാണുണ്ടായത്.