തമിഴ്‌നാട്ടിൽ പെട്രോൾ വില കുറച്ചു; പ്രഖ്യാപനം സംസ്ഥാന ബഡ്ജറ്റിൽ

India News

ചെന്നൈ: പെട്രോൾ വിലയിൽ മൂന്ന് രൂപ കുറച്ച് തമിഴ്​നാട്​ സര്‍ക്കാറിന്‍റെ പുതിയ ബജറ്റ്. രാജ്യത്തെ പെട്രോൾ വില വർധനവിൽ ജനങ്ങൾ ദുരിതത്തിലായപ്പോഴാണ് സർക്കാർ ഇത്തരമൊരു പ്രഖ്യാപനവുമായെത്തുന്നത്. സംസ്ഥാന നികുതിയിൽ നിന്നും മൂന്ന് രൂപ കുറയ്ക്കുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.

ഇന്ത്യയിലെ അഞ്ചു സംഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം എണ്ണ കമ്പനികൾ ഇന്ധനവില വലിയ രീതിയിൽ കൂട്ടിയിരുന്നു. നിലവിൽ രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന് നൂറു രൂപയിലും അധികം വില വരുന്നുണ്ട്. അന്താരാഷ്​ട്ര വിപണിയില്‍ ഇന്ധന വില കുറച്ചിട്ടും ഇന്ത്യയിൽ വില കുറയ്ക്കാൻ എണ്ണകമ്പിനികൾ തയ്യാറായിട്ടില്ല.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് ഇന്ധനവില കുറയ്ക്കുന്നതെന്ന്​ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. വനിതാ സംരംഭകര്‍ക്ക്​ 2,756 കോടി രൂപയുടെ വായ്​പ, സര്‍ക്കാര്‍ ജീവനക്കാരായ സ്​ത്രീകൾക്ക് 12 മാസം ഗര്‍ഭകാല അവധി, ട്രാന്‍സ്​ജെന്‍ഡര്‍, എസ്​.ടി വിഭാഗങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾ തുടങ്ങി നിരവധി പ്രഖ്യാപനങ്ങൾ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലുണ്ട്.