ബസിൽ സ്ത്രീകളുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ സ്ത്രീകൾ പിടിയിൽ

Crime Local News

കോഴിക്കോട്: സംസ്ഥാനത്തുടനീളം ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളിൽപ്പെട്ട രണ്ട് യുവതികൾ പിടിയിൽ. കൊയമ്പത്തൂർ ഗാന്ധിപുരം പുറമ്പോക്ക് സ്ഥലത്ത് താമസക്കാരായ കസ്തൂരി (30), ശാന്തി (35) എന്നിവരെ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഭാഗത്ത് വെച്ച് നടക്കാവ് എസ് ഐ കൈലാസ് നാഥും സംഘവുമാണ് അറസ്റ്റ്‌ ചെയ്തത്.

വടകര റെയിൽവെ സ്റ്റേഷൻ പരിസരത്താണ് ഇവരുടെ താമസം. തിരക്കുള്ള ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളുടെ ബാഗ് തുറന്ന് തന്ത്രത്തിൽ മോഷണം നടത്തുകയാണ് പ്രതികളുടെ രീതി. കുന്ദമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി.ബസ്സിൽ വെച്ച് ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വർണ്ണാഭരണവും കവർച്ച ചെയ്യുന്ന ശ്രമത്തിനിടയിലാണ് ഇവർ പോലീസിന്റെ പിടിയിലാവുന്നത്.

ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.