അന്വേഷണ മികവിനുള്ള കേന്ദ്രത്തിന്റെ മെഡൽ നേടി ഒൻപതു കേരള പോലീസുകാർ

India Keralam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള പൊലീസ് മെഡലിനർഹരായി കേരളത്തിൽ നിന്നുള്ള ഒൻപത് പോലീസുകാർ. രാജ്യത്തെ 152 പോലീസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ കിട്ടുന്നത്. എൻഐഎയിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരും സിബിഐയിൽ നിന്നുള്ള പതിമൂന്നു ഉദ്യോഗ്സർത്ഥരുമാണ് മെഡൽ നേടിയത്.

ഉത്ര കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ, ഡിവൈഎസ്പി എ അശോകൻ, മലപ്പുറം എസ്പി സുജിത്ത് ദാസ് എന്നിവരുൾപ്പെടെ ഒൻപത് പേർക്കാണ് കേരളത്തിൽ നിന്നും മെഡൽ ലഭിച്ചത്. ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഉദ്യോഗസ്ഥരുള്ളത് മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇരു സംസ്ഥാനങ്ങളിൽ നിന്നും പതിനൊന്നു ഉദ്യോഗസ്ഥരാണ് മെഡലിനർഹരായത്. ഉത്തർപ്രദേശിൽ നിന്നും പത്ത് ഉദ്യോഗസ്ഥർക്കും, കേരളം രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഒൻപത് ഉദ്യോഗസ്ഥർക്കുമാണ് മെഡൽ ലഭിച്ചത്. തമിഴ്‌നാട്ടിലെ എട്ട് പേർക്കും ബിഹാറിലെ ഏഴ് പേർക്കും, ദില്ലി, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 6 പേർക്കും, മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഒരോ ഉദ്യോഗസ്ഥര്‍ക്കുമാണ് മെഡൽ നേട്ടം.

പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കുറ്റാന്വേഷണം നടത്തുന്നതിലെ വൈദഗ്ധ്യനിലവാരം ഉയർത്തുക, അവരിലെ ഇത്തരത്തിലുള്ള കഴിവുകളേറെ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രി നൽകി വരുന്ന പോലീസ് മെഡലാണിത്.