അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭയ്ക്ക് പുറത്ത് പ്രതീകാത്മക സഭ നടത്തി പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം

Keralam News Politics

ഡോളര്‍ക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നിയമസഭാ ഗേറ്റിനു മുന്നിൽ പ്രതീകാത്മക സഭ ചേര്‍ന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. ഡോളര്‍ക്കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് പറഞ്ഞ മൊഴി പുറത്തുവന്നതനുസരിച്ചാണ് അത് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.

പ്രതിഷേധമായി നടത്തിയ സഭയിൽ ഏറനാട് എംഎല്‍എ പികെ ബഷീര്‍ പ്രതീകാത്മക മുഖ്യമന്ത്രിയായും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പ്രതീകാത്മക സ്പീക്കറായും പങ്കെടുത്തു. അടിയന്തര പ്രമേയം അവതരിപ്പിച്ചു പ്രതിഷേധം തുടങ്ങിയത് തൃക്കാകര എംഎല്‍എ പിടി തോമസായിരുന്നു. പ്രമേയം അവതരിപ്പിച്ച ആളോട് പുറത്ത് പോവാൻ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പി കെ ബഷീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായ വിഡി സതീശന്‍, ഉപനേതാവായ പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് എന്നിവരും പ്രതീകാത്മക സഭയിൽ പ്രസംഗിച്ചു.

ഈ വിഷയത്തിൽ സഭയിലൊരു ചർച്ച നടത്തുന്നത് മുഖ്യമന്ത്രിക്ക് പേടിയാണെന്നും ഉമ്മൻചാണ്ടിക്കും പിണറായിക്കും രണ്ടു ന്യായമെന്ന നിലപാട് ശരിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ടിനെതിരായ ലംഘനമാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദഹം ചൂണ്ടികാണിച്ചു.

വിവിധ തലങ്ങളിലുള്ള കോടതികളുടെ പരിഗണയിലാണ് കേസ് എന്നതിനാൽ അതിനെ പറ്റി ചർച്ച ചെയ്യാൻ പറ്റില്ലെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സ്പീക്കർ പറഞ്ഞത്. എന്നാൽ മുൻപ് കോടതിയുടെ പരിഗണയിലുള്ള കേസുകൾ ചർച്ച ചെയ്തിട്ടുണ്ടാലോയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചു ചോദിച്ചു. ശബരിമല, കൊടകര തുടങ്ങിയ കേസുകള്‍ അന്വേഷണ സമയത്തും കോടതി പരിഗണിച്ചിരുന്ന സമയത്തും നിയമസഭയിൽ ചെക്കാ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.