4*400 മീറ്റര്‍ മിക്സഡ് ടീം റിലേയില്‍ ഇന്ത്യയ്ക്ക് നിരാശ

India News Sports

ടോക്യോ: ടോക്യോ ഒളിംപിക്സിലെ 4*400 മീറ്റര്‍ മിക്സഡ് ടീം റിലേയില്‍ ഇന്ത്യയ്ക്ക് നിരാശ. രണ്ടാം ഹീറ്റ്സില്‍ മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീം ഏറ്റവും അവസാനമായി എട്ടാമതായാണ് ഫിനിഷ് ചെയ്തത്. സീസണിലെ മികച്ച സമയമായ 3:19.93 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

മലയാളി താരം മുഹമ്മദ് അനസാണ് മിക്സഡ് റിലേയില്‍ ഇന്ത്യയ്ക്കായി ആദ്യം ഓടിയത്. ഏഴാമതായി ഓടിയെത്തിയ അനസ് രണ്ടാമതായി വി രേവതിക്ക് ബാറ്റണ്‍ കൈമാറി. അനസിനേക്കാൾ മികച്ച പ്രകടനത്തിലൂടെ ആറാം സ്ഥാനത്തേക്ക് ഒരു വട്ടം വന്നെങ്കിലും പിന്നെയും പിറകിലോട്ട് പോയി. മൂന്നാമതും നാലാമതുമായി വന്ന ശുഭ വെങ്കിടേശനും ആരോക്യ സജീവിനും കൃത്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല.

ഏഴാം സ്ഥാനത്തുള്ള ബ്രസിലിനേക്കാൾ നാലു സെക്കന്‍ഡ് പിന്നിലായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇന്ത്യയേക്കാൾ ഒൻപത് സെക്കന്‍ഡ് വേഗത്തില്‍ ഫിനിഷ് ചെയ്ത പോളണ്ടാണ് കോണ്ടിനെന്‍റല്‍ റെക്കോർഡോടു കൂടി ഹീറ്റ്സില്‍ ഒന്നാമതെത്തിയത്. തുടർന്നുള്ള മറ്റു നാല് രാജ്യങ്ങളും ഏഴാം സ്ഥാനക്കാരായ ബ്രസീലും കോണ്ടിനെന്‍റല്‍ റെക്കോർഡ് നേടിയിട്ടുണ്ട്.