ഓരോ ഡോസിലും വ്യത്യസ്തത വാക്സിൻ; ഇന്ത്യയിൽ പരീക്ഷണത്തിന് അനുമതി

Health India News

ഇന്ത്യയിൽ നൽകുന്ന കോവിഡ് വാക്സിനുകളിൽ രണ്ട് ഡോസുകളിലുംവ്യത്യസ്ത വാക്സിൻ നൽകാനുള്ള പരീക്ഷണത്തിന് അംഗീകാരം നൽകി. രണ്ടു വാക്സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും ഒരാളിൽ എടുക്കുന്നത്, ഇതിലെ ഏതെങ്കിലും ഒരു വാക്സിൻ രണ്ടു വട്ടം എടുക്കുന്നതിനേക്കാൾ ഫലപ്രദമാണെന്ന് ഐസിഎംഎആല്‍ വിലയിരുത്തലനുസരിച്ചാണ് പുതിയ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് നിലവിൽ ഇന്ത്യയിൽ നൽകുന്ന വാക്സിനുകളായ കോവിഷിൽഡും കോവാക്സിനും യോജിപ്പിച്ച് ഒരാൾക്ക് നൽകുന്നത് സംബന്ധിച്ചുള്ള പഠനം നടത്താൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ പാനല്‍ നിർദേശിച്ചത്. അനുമതി ലഭിച്ചതനുസരിച്ച് ചെന്നൈയിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിൽ ഇത് സംബന്ധിച്ചുള്ള പരീക്ഷണങ്ങളും തുടര്‍ പഠനങ്ങളും നടക്കും.

കഴിഞ്ഞ മെയ്- ജൂൺ മാസങ്ങളിൽ ഉത്തർപ്രദേശിലാണ് ഒരു ഡോസ് വാക്സിൻ എടുത്ത് നിശ്ചിത സമയത്തിനു ശേഷം മറ്റൊരു വാക്സിൻ രണ്ടാം ഡോസ് ആയി സ്വീകരിക്കുന്ന പഠനം നടത്തിയത്. നിലവിലെ രണ്ടു വാക്സിനും ഒരുമിച്ച് ഉപയോഗിക്കുന്നത് കൊവിഡിന്റെ വകഭേദത്തേയും കൂടെ പ്രതിരോധിക്കാൻ കെൽപ്പുള്ളതാണെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ 62 വയസിനു താഴെയുള്ള 11 പുരുഷന്‍മാരിലും എഴ് സ്ത്രീകളിലുമായി പതിനെട്ട് ആളുകളിലായിരുന്നു പരീക്ഷണം നടത്തിയിരുന്നത്. എന്നാൽ ഇതിൽ രണ്ട് ആളുകൾ അവസാനഘട്ടത്തിൽ നിന്ന് പിന്മാറി.

ഒരു വാക്സിന്റെ ലഭ്യത കുറവ് കൊണ്ട് വാക്സിനേഷനിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാനും വാക്‌സിനേഷന്‍ ഡ്രൈവ് കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ രീതി സഹായകമാവും.