ജഡ്ജിയുടെ മരണം അപകടമല്ല കൊലപാതകം: രണ്ടുപേർ പോലീസ് പിടിയിൽ

India News

റാഞ്ചി: ജാർഖണ്ഡിൽ ജഡ്‌ജി വാടിയിടിച്ച് മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവുമായി പോലീസ്. അത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞു. കൊലപാതകമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മനഃപൂർവം പുറകിൽ നിന്നും വാഹനം വന്നിടിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. സംഭവം നടക്കുന്നത് ബുധനാഴ്ച്ച പുലർച്ചെ അഞ്ചുമണിയോട് കൂടിയായിരുന്നു.

തിരക്ക് കുറഞ്ഞ റോഡിൽ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ജില്ലാ അഡീഷണൽ ജഡ്‌ജി ഉത്തം ആനന്ദ്. തുടർന്ന് ഒരു വാഹനം പുറകിൽ നിന്നും വന്നു ഇടിച്ച് തെറിപ്പിക്കുകയും നിർത്താതെ പോകുകയുമായിരുന്നു. രക്തം പോയി റോഡിൽ കിടന്നിരുന്ന ജഡ്ജിയെ ഒരാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പോലീസിന്റെ പ്രാഥമിക നിഗമനം അജ്ഞാത വാഹനം ഇടിച്ച് കടന്നു കളഞ്ഞു എന്നതായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കിട്ടിയപ്പോഴാണ് അത് അപകടമല്ല കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം നടക്കുന്നതിനു ഏതാനും മണിക്കൂർ മുമ്പ് മോഷ്ടിച്ച വാഹനവുമായാണ് ഇവർ ജഡ്ജിയെ ഇടിച്ചിട്ടത്.