മനുഷ്യതല ഭക്ഷിക്കുന്ന ആചാരത്തിന്റെ വീഡിയോ വൈറൽ; കേസെടുത്തു പൊലീസ്

India News Religion

തെന്മല: ശക്തിമാടസ്വാമി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന മനുഷ്യ തല ഭക്ഷിക്കുന്ന ആചാരത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് തെങ്കാശി പൊലീസ് കേസെടുത്തു. സ്വാമിയാട്ടം എന്ന പേരിലുള്ള ആചാരം നടത്തിയതിനാണ് പത്ത് പേര്‍ക്കെതിരെ കേസെടുത്തത്.

തെങ്കാശിയിലെ പാവൂര്‍ സത്രം കല്ലാരണി എന്ന ഗ്രാമത്തിലെ കുടുംബക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉത്സവം നടന്നത്. ഉത്സവത്തിലെ പ്രധാന ആചാരമായ സ്വാമിയാട്ടത്തിൽ പൂജാരിമാര്‍ വേട്ടയ്ക്ക് പോവുകയും അത് കഴിഞ്ഞു തിരിച്ചെത്തി മനുഷ്യന്റെ തല തിന്നുകയുമാണ് ചടങ്ങ്.

ഉത്സവത്തിനെത്തിയ ചിലയാളുകൾ ആചാരത്തിന്റെ വീഡിയോ എടുക്കുകയും അത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തതോടെ പല ഭാഗങ്ങളിൽ നിന്നായി വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വില്ലേജ് അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ നേരിട്ട് പൊലീസിന് പരാതി നൽകുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത 4 പൂജാരിമാരടക്കം പത്ത് പേര്‍ക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ശക്തിമാടസ്വാമി ക്ഷേത്രത്തിൽ എല്ലാവർഷവും ഈ ദുരാചാരം നടക്കാറുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഗ്രാമത്തിലെ ശ്മശാനത്തില്‍ നിന്നാണ് മനുഷ്യതല എടുക്കുന്നതെന്നാണ് പൂജാരിമാര്‍ പോലീസിന് മൊഴി കൊടുത്തിരിക്കുന്നത്. എന്നാൽ ഇത് മനുഷ്യന്റെ തന്നെ തലയാണോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.