വയോധികന്‍ മഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് മരിച്ച നിലയില്‍

Local News

മഞ്ചേരി : വയോധികനെ മഞ്ചേരി ഐ.ജി.ബി.ടി പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് നീലഗിരി സ്വദേശി രാമദാസ് എന്ന മണികണ്ഠന്‍ (78) ആണ് മരിച്ചത്. ഒമ്പതു വര്‍ഷത്തോളമായി മഞ്ചേരിയില്‍ കൂലിപ്പണിചെയ്തു വന്നിരുന്ന രാമദാസ് പ്രായമായതോടെ ജോലിക്ക് പോകാതെയായി. മകന്‍ ശിവകുമാര്‍ (41) ജോലി ചെയ്താണ് ഇരുവരും കഴിഞ്ഞു വരുന്നത്. ഇന്നലെ മകനോടൊപ്പം ഇവരുടെ താവളമായ ബസ്സ്റ്റാന്റ് പരിസരത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് പൊലീസിലറിയിച്ചത്. മഞ്ചേരി എസ് ഐ കെ ബഷീര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഗവ. മെഡിക്കല്‍ കൊളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രഥമിക നിഗമനം. പൊലീസ് അറിയിച്ചതനുസരിച്ച് എടവണ്ണ കുണ്ടുതോട് വി പി റബ്ബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന മകള്‍, കോഴിക്കോട് ജോലി ചെയ്യുന്ന മകന്‍ രാജന്‍, രാജന്റെ ഭാര്യ റാണി എന്നിവരെത്തി മൃതദേഹം ഏറ്റുവാങ്ങി. കോഴിക്കോട് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു