മിഠായികളിലെയും ഐസ്‌ക്രീമുകളിലെയും പ്ലാസ്റ്റിക് സ്റ്റിക്കുകൾക്ക് നിരോധനം

India News

ഡല്‍ഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും ഇനി മുതൽ പ്ലാസ്റ്റിക്
പിടിയുണ്ടാവില്ല. ഇതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക് 2022 ജനുവരി 1 നുള്ളിൽ ഘട്ടം ഘട്ടമായി നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ല്‌മെന്റിനെ അറിയിച്ചു.

ഈ വര്ഷം മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ ഈ വർഷത്തിനുള്ളിൽ നിരോധിക്കും. ഇതുമായി സംബന്ധിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ നൽകിയ ഉത്തരത്തിലാണ് ഇത് വ്യക്തമാക്കിയത്.

പ്ലാസ്റ്റിക് സ്റ്റിക്കുകൾ കൊണ്ടുണ്ടാക്കുന്ന ഇയര്‍ബഡുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവയെല്ലാം നിരോധിക്കുന്നവയിൽ ഉൾപ്പെടും. ഈ വര്‍ഷം സെപ്റ്റംബര്‍ 30 നുള്ളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 120 മൈക്രോണില്‍ താഴെയുള്ള കാരി ബാഗുകള്‍, 240 മൈക്രോണില്‍ താഴെയുള്ള ബാഗുകള്‍ എന്നിവ നിരോധിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ചിലാണ് 2016ലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന നിയമത്തില്‍, പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഭേദഗതിക്കായുള്ള കരട് രേഖ മന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഇതിന്റെ ആദ്യഘട്ട നിരോധനമാണ് 2022 ജനുവരി 1 ന് പ്രാബല്യത്തിൽ വരുന്നത്.

നിയമത്തിന്റെ രണ്ടാം ഘട്ടത്തിൽ 2022 ജൂലൈ 1 മുതല്‍ പ്ലാസ്റ്റിക് പാത്രം, കരണ്ടി, പ്ലാസ്റ്റിക്ക് പിവിസി ബാനറുകള്‍, കോരികള്‍, കപ്പുകള്‍, പാനീയങ്ങള്‍ ഇളക്കാനുള്ള കോലുകള്‍, കത്തി, ട്രേ തട്ട്, ഗിഫ്റ്റ് പൊതിയുന്ന ചരടുകളും, കടലാസും, തെര്‍മോകോള്‍ എന്നീ ഒരു പ്രാവശ്യം ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കും.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 60 % മാത്രമേ പുനരുപയോഗം സാധ്യമാകുന്നുള്ളു. അല്ലാത്തവയെല്ലാം ജലാശയങ്ങളിലേക്കും മണ്ണിലേക്കും വലിച്ചെറിഞ്ഞ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃക്ഷ്ടിക്കുന്നതിനാൽ നിയമം അത്യാവശ്യമാണ്. പക്ഷെ പ്ലാസ്റ്റിക് ഉല്‍പ്പാദകരുടെയും ഈ മേഖലയിലെ വ്യവസായികളുടെയും കാര്യങ്ങൾ കൂടി പരിഗണിച്ചതിനു ശേഷമേ കരടിന് അന്തിമ രൂപം പുറത്തിറക്കൂവെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.