രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം

Health India News

ന്യൂഡൽഹി: പക്ഷിപ്പനി മൂലം രാജ്യത്ത് ആദ്യമായൊരാൾ മരിച്ചു. ഹരിയാന സ്വദേശിയായ പതിനൊന്നുകാരനായ കുട്ടിയാണ് ഡൽഹി എയിംസിൽ പക്ഷിപ്പനി ബാധിച്ച് മരിച്ചത്. ഈ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്.

മറ്റു രോഗം പരത്തുന്ന വൈറസുകളെക്കാൾ ശക്തമായ വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 5 എൻ 1 വൈറസുകൾ. എന്നാൽ അപൂർവമായി മാത്രമേ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരാറുള്ളൂ. എന്നാലും സുരക്ഷയുടെ ഭാഗമായി രോഗലക്ഷണങ്ങൾ കാണിച്ചാലുടൻ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തതിനു ശേഷം കർശനമായ ജാഗ്രത നിർദേശങ്ങൾ കേന്ദ്ര സർക്കാറും പുറത്ത് വിട്ടിട്ടുണ്ട്.

പക്ഷികളിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ളുവൻസ. പക്ഷികളുടെ സ്രവങ്ങൾ വഴിയാണ് ഇത് ഒരു പക്ഷിയിൽ നിന്ന് മറ്റൊന്നിലേക്ക് പകരുന്നത്. എന്നാൽ ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത് രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം അല്ലെങ്കിൽ ചത്ത പക്ഷികൾ എന്നിവയിലൂടെയാണ്. ഈ വൈറസ് മനുഷ്യരിലേക്കെത്തിയാൽ 60 ശതമാനത്തോളമാണ് മരണ നിരക്ക്.